ന്യൂസ് ഡെസ്ക്, മലയാളം യുകെ
വില്യം ഷേക്‌സ്പിയറിന്റെ മകൾ താമസിച്ചിരുന്ന ചരിത്രപ്രാധാന്യമുള്ള വീടായ “ഹാൾസ് ക്രോഫ്റ്റിന് ഒരു കാറിടിച്ച് നാശനഷ്ടം സംഭവിച്ചു. സ്റ്റ്രാറ്റ്ഫോർഡ്-അപ്പൺ-ആവോണിലെ ഈ 17-ാം നൂറ്റാണ്ടിലെ കെട്ടിടം, ഷേക്‌സ്പിയറിന്റെ മകൾ സുശാനയും ഭർത്താവായ ജോൺ ഹാളും താമസിച്ചിരുന്നതാണ്. വെള്ളിയാഴ്ച രാവിലെ ഒരു കാർ പിറകോട്ട് പോകുന്നതിനിടെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഭാഗ്യവശാൽ, ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഷേക്‌സ്പിയർ ബർത്ത്‌പ്ലേസ് ട്രസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
സംരക്ഷണപദ്ധതി നടപ്പിലാക്കിക്കൊണ്ടിരുന്ന ഈ പൈതൃക കെട്ടിടം ഇനി വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ പരിശോധനയ്ക്കും പുതുക്കി പണിയലിനും വിധേയമാക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. 1613-ൽ നിർമ്മിതമായ ഈ കെട്ടിടം ഏറെക്കാലം സമ്പന്നരും പ്രൊഫഷണലുമായ വ്യക്തികളുടെ വസതിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇത് ഒരു ചെറിയ സ്കൂളായും ഉപയോഗിച്ചിരുന്നു.
1949-ൽ ആണ് ഷേക്‌സ്പിയർ ബർത്ത്‌പ്ലേസ് ട്രസ്റ്റ് ഈ കെട്ടിടം സ്വന്തമാക്കിയത്. പ്രധാനപ്പെട്ട പുനർനിർമ്മാണങ്ങൾ നടത്തി 1951-ൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരുന്നു. ഇത്തരമൊരു സംഭവമൊരിക്കലും ആവർത്തിക്കരുതെന്ന് ഉറപ്പാക്കണമെന്നും . നമ്മുടെ പൈതൃക സമ്പത്ത് എത്രത്തോളം അമൂല്യമാണെന്നും ഇത്തരം അപകടങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നതായും ട്രസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു. സംരക്ഷണച്ചെലവുകൾ ഉയരുകയും വിദഗ്‌ദ്ധ തൊഴിലാളികളുടെ അഭാവം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം പൈതൃക സ്മാരകങ്ങളുടെ സംരക്ഷണം കൂടുതൽ വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ്.
Leave a Reply