ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

ഷമീമ ബീഗത്തിന് വേണ്ടത് യുകെയിൽ ഒരു പൗരത്വം ആണ്. എന്നാൽ ഐ എസിൽ ചേർന്നു പ്രവർത്തിച്ചു എന്ന കാരണത്താൽ ഷമീമയുടെ പൗരത്വം യുകെ ഗവൺമെന്റ് പിൻവലിച്ചിരിക്കുകയാണ്. 15 വയസ്സു വരെ ജീവിച്ച മണ്ണിൽ തനിക്കുള്ള അവകാശം നേടിയെടുക്കുന്നതിനായി പോരാടുകയാണ് ഷമീമ ബീഗം എന്ന ഇരുപതുകാരി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2015 ഫെബ്രുവരിയിലാണ് ഷമീമ ബീഗം മറ്റ് രണ്ട് യുവതികളോടൊപ്പം സിറിയയിലേക്ക് യാത്രയാവുന്നത്. ഭീകരസംഘടനയായ ഐഎസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് ഷമീമ താൻ ജനിച്ചുവളർന്ന രാജ്യം വിടുന്നത്. അഞ്ച് വർഷത്തെ ഐഎസ് ക്യാമ്പിൽ ഉള്ള ജീവിതം ദുരിതങ്ങൾ മാത്രം നിറഞ്ഞു നിന്നതായിരുന്നുവെന്ന് ഷമീമ ഓർത്തെടുക്കുന്നു. ഇതിനിടയിൽ ഷമീമ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. എന്നാൽ മൂന്നുപേരും ശിശുക്കൾ ആയിരിക്കെ തന്നെ മരണപ്പെട്ടു. 2019 ഫെബ്രുവരിയിൽ അൽ -ഹോൾ അഭയാർത്ഥി ക്യാമ്പിൽ വെച്ച് ഏതാനും ജേർണലിസ്റ്റുകൾ അവശനിലയിൽ കണ്ടെത്തുന്നതുവരെ ഷമീമയെക്കുറിച്ച് ആർക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല.

മടങ്ങിയെത്തിയ ഷമീമ നേരിടുന്നത് കടുത്ത അവഗണനയും ഭീഷണി സ്വരങ്ങളും ആണ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന രീതിയിലാണ് അവരെ സമൂഹവും നിയമ സംവിധാനങ്ങളും പരിഗണിക്കുന്നത്. തികച്ചും മനുഷ്യത്വരഹിതമായ നീക്കങ്ങളാണ് ഷമീമക്കെതിരെ നടക്കുന്നതെന്ന് അവർക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്ന വക്കീൽ ടോം ഹിക്ക്മാൻ പറഞ്ഞു. ഷമീമയുടെ ജന്മദേശം ബംഗ്ലാദേശ് ആണെന്നും അതിനാൽ അവർ അവിടേക്ക് മടങ്ങി പോകണമെന്നും ഷമീമയുടെ എതിർഭാഗം വാദിക്കുന്നു, എന്നാൽ ബംഗ്ലാദേശ് സുരക്ഷിതമായ രാജ്യം അല്ലെന്നും നിർബന്ധിതമായി ഷമീമയെ ബംഗ്ലാദേശിലേക്ക് അയക്കുന്നത് അവരുടെ ജീവന് വരെ ഭീഷണി ആയേക്കാം എന്ന് ടോം ഹിക്ക്മാൻ കോടതിയെ ധരിപ്പിച്ചു. മാത്രമല്ല ഷമീമയ്ക്ക് പൗരത്വം നൽകുന്നതിന് ബംഗ്ലാദേശ് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ജനിച്ചു വളർന്ന ബ്രിട്ടനിൽ തന്നെ അവർ തുടർന്നും ജീവിക്കട്ടെ എന്ന് ബംഗ്ലാദേശ് അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളുടെയും അഭിപ്രായപ്രകടനങ്ങൾക്ക് നടുവിൽ ഒരു രാജ്യത്തും പൗരത്വം ഇല്ലാത്ത വ്യക്തിയായി ജീവിക്കുകയാണ് ഷമീമ ഇപ്പോൾ.