ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : യു കെയിൽ നിന്ന് ഐഎസിൽ ചേരാൻ പോകുന്നതിന് മുമ്പ് തങ്ങളോട് കൂടെ വരാൻ ഷമീമ ബീഗം അവശ്യപ്പെട്ടിരുന്നതായി സഹപാഠികൾ. വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി തന്റെ പുറങ്കുപ്പായത്തിൽ ഒരു ഐഎസ് ബാഡ് ജ് ധരിച്ചിട്ടുണ്ടായിരുന്നുവെനും ഷമീമ ബീഗത്തിന്റെ മുൻ സഹപാഠികൾ പറഞ്ഞു. ബെത്‌നാൽ ഗ്രീൻ അക്കാദമിയിലെ മുൻ വിദ്യാർത്ഥികൾ, തങ്ങളുടെ കൂടെ പഠിച്ച ഷമീമയെക്കുറിച്ച് ഇതാദ്യമായാണ് ഒരു മാധ്യമത്തോട് സംസാരിക്കുന്നത്. ഷമീമ ബീഗവും അമീറ അബാസും അവരുടെ പുറങ്കുപ്പായത്തിൽ ഒരു കറുത്ത തുണി കുത്തി വച്ചിരുന്നെന്നും അതിൽ വെളുത്ത നിറത്തിൽ അറബിക് എഴുതപ്പെട്ടിരുന്നെന്നും സഹപാഠിയായ യുവാവ് വെളിപ്പെടുത്തി. നിരന്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് മൂവരും സിറിയയിലേക്ക് പോയത്. മൂന്നു പെൺകുട്ടികൾ ഐഎസിൽ ചേരാൻ പോയതോടെ, മറ്റ് വിദ്യാർത്ഥികളെ തടയാനായി സ്കൂൾ അധികൃതർ കർശനമായ ഒരു നിയമം ഏർപ്പെടുത്തുകയും എല്ലാ ദിവസവും രാവിലെ പോലീസ് രജിസ്റ്ററിൽ ഒപ്പുവയ്ക്കണമെന്ന നിയമം നിലവിൽ വരികയും ചെയ്തു.
കാണാതായ സഹപാഠികളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്നും അവരെ വിലക്കി. “ഇതിനെക്കുറിച്ച് ഒരു വാക്ക് പറഞ്ഞാൽ ഞങ്ങൾ തടങ്കലിലാകുമെന്ന് ഭയപ്പെട്ടു.” അദ്ദേഹം വെളിപ്പെടുത്തി. “അവളെ വീണ്ടും കണ്ടാൽ ഞാൻ ആദ്യം ആലിംഗനം ചെയ്യും. കാരണം ആളുകൾ തെറ്റുകൾ വരുത്തുന്നു. അത് ക്ഷമിച്ചു അവർക്ക് വീണ്ടും അവസരം നൽകുക എന്നതാണ് പ്രധാനം.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ 21 വയസുള്ള ഷമീമയെ അൽ-റോജ് ജയിൽ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. യുകെയിലേക്ക് മടങ്ങാനുള്ള അവസരത്തിനായി അവർ ഇപ്പോഴും പ്രചാരണം നടത്തുന്നുണ്ട്. രാജ്യം വിട്ട് ഐഎസിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നെന്നും രാജ്യത്തേക്ക് തിരികെ വരാൻ താല്പര്യമുണ്ടെന്നും കഴിഞ്ഞ ദിവസം ഷമീമ അറിയിച്ചിരുന്നു. 2019 ഫെബ്രുവരിയിൽ സിറിയൻ അഭയാർഥി ക്യാമ്പിൽ കഴിയവേ ഷമീമ ഒമ്പത് മാസം ഗർഭിണിയാണെന്ന വാർത്ത വന്നപ്പോൾ മുൻ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ദേശീയ സുരക്ഷാ കാരണങ്ങളാൽ അവളുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും ഐഎസിൽ നിന്ന് ഓടി രക്ഷപെട്ട സാഹചര്യവും വിവരിക്കുന്ന പുതിയ ഡോക്യുമെന്ററി ‘ദി റിട്ടേൺ: ലൈഫ് ആഫ്റ്റർ ഐഎസ്ഐഎസ്’, കഴിഞ്ഞാഴ്ച്ച പുറത്തിറങ്ങിയിരുന്നു. പൗരത്വം തിരിച്ചുകിട്ടാനായി നിയമവഴികളിൽ ഷമീമ ഇറങ്ങിത്തിരിച്ചെങ്കിലും യുകെ സുപ്രീം കോടതി അവരുടെ ഹർജി തള്ളി. ബംഗ്ലാദേശും അവളെ കയ്യൊഴിഞ്ഞു. 2013 നും 2018 നും ഇടയിൽ ഐഎസിൽ ചേരാനായി സിറിയയിലേക്കും ഇറാക്കിലേക്കും പോയവരിൽ മറ്റു രാജ്യങ്ങളുടെ 52,808 പൗരന്മാരുണ്ടെന്നാണു ബിബിസി റിപ്പോർട്ട് ചെയ്തത്.
Leave a Reply