ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തന്റെ ബ്രിട്ടീഷ് പൗരത്വം നീക്കം ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന ഷമീമ ബീഗത്തിന്റെ ഏറ്റവും പുതിയ ഹർജിയിൽ കോടതി വാദം കേൾക്കുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഷമീമ ബീഗത്തിന് 15 വയസ്സുള്ളപ്പോൾ 2015 ലാണ് കിഴക്കൻ ലണ്ടനിലെ വീട് വിട്ട്, അവർ ഇസ്ലാമിക്‌ സ്റ്റേറ്റ് സംഘടനയിൽ ചേരുവാനായി സിറിയയിലേക്ക് പോയത്. ഇതിനുശേഷം 2019 ൽ ഫെബ്രുവരിയിൽ ഇവരെ അഭയാർത്ഥി ക്യാമ്പിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ദേശീയ സുരക്ഷാ കാരണങ്ങളാൽ അവളുടെ യുകെ പൗരത്വം സർക്കാർ റദ്ദാക്കുകയായിരുന്നു. ദേശീയ സുരക്ഷാ കാരണങ്ങളാണ് അന്ന് സർക്കാർ ഈ തീരുമാനത്തിന്റെ അടിസ്ഥാനമായി മുന്നോട്ടുവച്ചത്. തന്നെ ഐസ് ലൈംഗികമായി ചൂഷണം ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിൽ സർക്കാരും യുകെ പോലീസും പരാജയപ്പെട്ടുവെന്നാണ് ഷമീമ ബീഗം മുന്നോട്ടുവയ്ക്കുന്ന ആരോപണം. ഈ വർഷം ആദ്യം സർക്കാരിന്റെ തീരുമാനത്തിനെതിരെ ഷമീമ ബീഗം സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽ കമ്മീഷനിൽ അപ്പീൽ നൽകിയിരുന്നെങ്കിലും, തീരുമാനം ഷമീമക്കെതിരായിരുന്നു. ഇതിനൊരു തുടർന്നാണ് ഇപ്പോൾ ലണ്ടനിലെ അപ്പീൽ കോടതിയിൽ വീണ്ടും ഷമീമ ഹർജി നൽകിയത്.


എന്നാൽ ഐസിന്റെ ചൂഷണത്തിന് ഇരയായ ഷമീമയോട് ബ്രിട്ടീഷ് സർക്കാർ യാതൊരുവിധ തരത്തിലുള്ള ഉത്തരവാദിത്വവും കാണിച്ചില്ലെന്നാണ് ഷമീമയുടെ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽ കമ്മീഷന്റെ തീരുമാനം ശരിയാണെന്ന് സർക്കാർ വിഭാഷകർ കോടതിയിൽ വാദിച്ചു. എന്നാൽ താൻ ഒരു ട്രാഫിക്കിംഗ് ഇരയാണെന്ന് സർക്കാർ ഒരിക്കൽപോലും പരിഗണിച്ചില്ലെന്ന് ഷമീമ ബീഗം അടിവരയിട്ട് വ്യക്തമാക്കുന്നു. അപ്പീൽ കോടതിയിലെ വാദം കേൾക്കൽ മൂന്ന് ദിവസം നീണ്ടുനിൽക്കുമെന്നും പിന്നീട് തീരുമാനം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.