വിവാഹമോചനത്തിനു ശേഷം ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ അവകാശമില്ലാത്ത മുസ്ലീം സ്ത്രീകള്‍ക്ക് ആശ്വാസമായി ഹൈക്കോര്‍ട്ട് റൂളിംഗ്. ശരിയ രീതിയില്‍ നിക്കാഹ് മാത്രം നടത്തുകയും നിയമപരമായി രജിസ്റ്റര്‍ ചെയ്യാത്തതുമായ വിവാഹങ്ങള്‍ പിന്നീട് തകര്‍ന്നാല്‍ മെയിന്റനന്‍സ് നല്‍കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണെന്ന് ഹൈക്കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് വില്യംസ് വിധിച്ചു. നസ്രീന്‍ അഖ്തര്‍ എന്ന സ്ത്രീയും മുഹമ്മദ് ഷാബാസ് ഖാന്‍ എന്നയാളുമായുള്ള ബന്ധം ഭാര്യാ ഭര്‍ത്താക്കന്‍മാരുടേതാണെന്ന് ലണ്ടന്‍ ഹൈക്കോര്‍ട്ടിലെ ഫാമിലി ഡിവിഷന്‍ കണ്ടെത്തി. 18 വര്‍ഷം നീണ്ട ഇവരുടെ ബന്ധം വിവാഹ ബന്ധത്തിന് സമമാണെന്ന് കോടതി വിധിച്ചു. ശരിയ വിവാഹങ്ങള്‍ നേരത്തേ നോണ്‍ മാര്യേജ് വിഭാഗത്തിലായിരുന്നു പെടുത്തിയിരുന്നത്.
തന്റെ റൂളിംഗ് മതപരമായ നടത്തുന്ന എല്ലാ ചടങ്ങുകള്‍ക്കും ബാധകമായിരിക്കില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കി. 1949ലെ മാര്യേജ് ആക്ട് ഇവയില്‍ ബാധകമാകുമോ എന്ന കാര്യം ഓരോ കേസിലായി പരിഗണിക്കേണ്ടി വരും. 1998ലാണ് നസ്രീന്‍ അഖ്തറും മുഹമ്മദ് ഷാബാസ് ഖാനും വിവാഹിതരാകുന്നത്. ലണ്ടനിലെ ഒരു റെസ്റ്റോറന്റില്‍ വെച്ച് അതിഥികള്‍ക്കു മുന്നില്‍ ഒരു ഇമാം ആണ് ഇവരുടെ നിക്കാഹ് നടത്തിയത്. ഒരു സോളിസിറ്റര്‍ ബിരുദധാരിയായ നസ്രീന്‍ അഖ്തര്‍ തന്റെ വിവാഹം ഔദ്യോഗികമാക്കാന്‍ ഒരു സിവില്‍ സെറിമണിയും പിന്നീട് ഒരു വാലിമ പാര്‍ട്ടിയും സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഭര്‍ത്താവ് അത് നിരസിച്ചു. എന്നാല്‍ ദുബായില്‍ ജോലിക്കായി പോകുന്നതിനു വേണ്ടി ഇവര്‍ ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നതായി കോടതി കണ്ടെത്തി.
2016ല്‍ വേര്‍പിരിയുമ്പോള്‍ നാല് കുട്ടികളും ഇവര്‍ക്കുണ്ടായിരുന്നു. നസ്രീന്‍ വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തപ്പോള്‍ തങ്ങളുടേത് ശരിയ നിയമമനുസരിച്ചുള്ള വിവാഹം മാത്രമായിരുന്നെന്നും ഇംഗ്ലീഷ് നിയമം അതില്‍ ബാധകമായിരിക്കില്ലെന്നുമാണ് ഷാബാസ് ഖാന്‍ വാദിച്ചത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഈ വിവാഹത്തിന് ഇംഗ്ലീഷ് നിയമം ബാധകമാകുമെന്ന് റൂള്‍ ചെയ്തു. മതപരമായി വിവാഹം കഴിച്ച് വര്‍ഷങ്ങളോളം ഒരുമിച്ച് താമസിക്കുകയും സമൂഹവും ഭരണകൂടവും കുടുംബമായി അംഗീകരിക്കുകയും ചെയ്ത ബന്ധത്തെ നോണ്‍-മാര്യേജ് പരിധിയില്‍ പെടുത്താന്‍ കഴിയില്ലെന്നാണ് ജസ്റ്റിസ് റൂളിംഗില്‍ വ്യക്തമാക്കിയത്.
Leave a Reply