സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവം ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ദുരന്തമാണെന്ന് യാത്രക്കാരികളിലൊരാളായ പെഗ്ഗി ഫിലിപ്‌സ്. ന്യൂയോര്‍ക്കിലെ ലഗാര്‍ഡിയയില്‍ നിന്നും ടെക്സാസിലെ ഡല്ലാസിലേക്ക് 144 യാത്രക്കാരും 5 ക്രൂ അംഗങ്ങളുമായി പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിന്‍ യാത്രാമധ്യ പൊട്ടിത്തെറിക്കുകയായിരുന്നു. എഞ്ചിന് സമീപത്തുണ്ടായിരുന്ന വിന്‍ഡോ തകര്‍ന്ന് ഭാഗികമായി പുറത്തേക്ക് തെറിച്ചു വീണ യാത്രക്കാരിയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ന്യൂ മെക്‌സിക്കന്‍ സ്വദേശിയായ ജെന്നിഫര്‍ റിയോഡനാണ് മരിച്ചത്. തകര്‍ന്ന വിന്റോയിലൂടെ പുറത്തേക്ക് ഭാഗികമായി തെറിച്ച് വീണ ജെന്നിഫറിനെ ഏതാണ്ട് 20 മിനിറ്റോളം നടത്തിയ ശ്രമത്തിന്റെ ഭാഗമായിട്ടാണ് വിമാനത്തിനുള്ളിലേക്ക് തിരികെയെത്തിക്കാന്‍ കഴിഞ്ഞതെന്ന് സഹയാത്രികയായ പെഗ്ഗി ഫിലിപ്‌സ് പറയുന്നു.
നഴിസിംഗ് ജോലിയില്‍ നിന്ന് വിരമിച്ച പെഗ്ഗി ഫിലിപ്‌സ് തന്റെ ജീവിതത്തിലെ നിര്‍ണായക ദിനമായിട്ടാണ് ദുരന്തം നടന്ന ദിവസത്തെ കാണുന്നത്. മരണത്തെ മുന്നില്‍ കണ്ട സമയമായിരുന്നു. ജീവന്‍ തിരികെ നല്‍കിയതിന് പൈലറ്റിന് നന്ദി പറയുന്നതായി അവര്‍ പറഞ്ഞു. എല്ലാം പെട്ടന്നാണ് സംഭവിച്ച്ത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനുള്ള സമയം പോലും ലഭിച്ചില്ല. എമര്‍ജന്‍സി മാസ്‌ക് മുന്നിലെത്തിയപ്പോള്‍ എല്ലാം അവസാനിക്കുന്നത് പോലെ തോന്നിയതായും പെഗ്ഗി പറയുന്നു. വിന്‍ഡോയിലൂടെ തെറിച്ചു വീണ സ്ത്രീയെ അടുത്തുണ്ടായിരുന്ന രണ്ട് യാത്രക്കാരുടെ ശ്രമഫലമായിട്ടാണ് തിരികെ ഉള്ളിലെത്തിക്കാന്‍ കഴിഞ്ഞത്. വിമാനം നിലത്തിറങ്ങുന്നത് വരെ പരിഭ്രാന്തിയിലായിരുന്നു. ഏതാണ്ട് 32,500 ഫീറ്റ് ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്.
പൈലറ്റിന്റെ കൃത്യമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായിരിക്കുന്നത്. എഞ്ചിന്‍ തകരാറിലായ ഉടന്‍ വിമാനം അടുത്തുള്ള ഫിലാഡല്‍ഫിയ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ക്രാഷ് ലാന്‍ഡിംഗ് ചെയ്തു. വിമാനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് എയര്‍പോര്‍ട്ടില്‍ അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. വിമാനത്തിന്റെ അകത്ത് രക്തം തളംകെട്ടി കിടന്നതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. 150ലധികം യാത്രക്കാരെ വഹിക്കാന്‍ പ്രാപ്തിയുള്ള വിമാനമാണ് സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737. എഞ്ചിന്‍ ചെക്ക് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി യാത്ര ആരംഭിച്ച വിമാനത്തിന് തകരാറ് സംഭവിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല. അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply