പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതി ഷീബ ആക്രമണത്തിന് പിന്നാലെ മടങ്ങിയത് ഭർത്താവിന്റെ വീട്ടിലേക്കെന്ന്. മുഖത്തേറ്റ പൊള്ളലിനെ കുറിച്ച് ഭർത്താവ് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്നായിരുന്നു മറുപടി.
ആക്രമണത്തിനിടെ ആസിഡ് മുഖത്ത് തെറിച്ചാണ് ഷീബക്കും പൊള്ളലേറ്റത്. അഞ്ച് ദിവസം ഭർതൃവീട്ടിൽ കഴിഞ്ഞ ഇവരെ ശനിയാഴ്ച വൈകീട്ട് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അതുവരെ സംഭവത്തെ കുറിച്ച് ഭർത്താവിനുൾപ്പടെ മറ്റാർക്കും അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ 16നാണ് ഷീബ കാമുകനായ തിരുവനന്തപുരം സ്വദേശി അരുണിനെ വിളിച്ചുവരുത്തിയത്. എന്നാൽ അരുൺ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരം അറിഞ്ഞതോടെ ആക്രമണത്തിന് മുതിരുകയായിരുന്നു.
ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. മൂന്ന് വർഷമായി ഇവർ സൗഹൃദത്തിലായിരുന്നു. എന്നാൽ മറ്റൊരു യുവതിയുമായി അരുൺ കുമാറിന്റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയ ഷീബ ഇരുമ്പുപാലത്തേക്ക് വിളിച്ച് വരുത്തുകയും പള്ളിയുടെ സമീപത്ത് വെച്ച് ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു. റബ്ബറിന് ഉറയൊഴിക്കുന്ന ആസിഡ് കുപ്പിയിൽ നിറച്ചുകൊണ്ടുവന്നാണ് അരുണിന്റെ മുഖത്തൊഴിച്ചത്.
സാരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അങ്കമാലിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരിക്കുകയാണ്.
Leave a Reply