അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷയുമായ ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്. രാവിലെ 11.30ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഷീല ദീക്ഷിത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷം ഉച്ചക്ക് 2.30ക്ക് ഡല്‍ഹി കശ്മീരി ഗെയ്റ്റിലെ നിഗം ബോദ് ഘാട്ടില്‍ സംസ്‌കരിക്കും.
മുൻ കേരള ഗവർണര്‍ കൂടിയായ ഷീലാ ദീക്ഷിത് ശനിയാഴ്ച്ച ഉച്ചയോടെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി ഫോർട്ടിസ് എസ്കോർട്സ് ആശുപത്രിയിൽ ഉച്ച കഴിഞ്ഞ് 3.55 നായിരുന്നു അന്ത്യം. തുടർച്ചയായി മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലയോടുള്ള ആദരസൂചകമായി ഡൽഹിയിൽ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
വെളളിയാഴ്ച്ച രാവിലെ വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അല്പം മെച്ചപ്പെട്ടെങ്കിലും വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അന്തരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ വിനോദ് ദീക്ഷിതാണ് ഭർത്താവ്. മക്കൾ ഡൽഹി മുൻ എംപി സന്ദീപ് ദീക്ഷിതും ലതികാ സയ്യിദും.
പശ്ചിമബംഗാൾ മുൻ ഗർവണർ ഉമാശങ്കർ ദീക്ഷിതിന്റെ പുത്രൻ വിനോദ് ദീക്ഷിതിനെ വിവാഹം കഴിച്ചതാണ് ഷീലയുടെ ജീവിതം വഴിതിരിച്ചത്. 1984 ൽ രാഷ്ട്രീയപ്രവേശം നടത്തിയ ഷീലയുടെ ആദ്യമത്സരം യു.പിയിലെ കനൗജിൽ നിന്ന് ലോക്‌സഭയിലേക്ക്. 1986 മുതൽ മൂന്നു വർഷം പാർലമെന്ററികാര്യ സഹമന്ത്രിയായി.
1998-ൽ ഈസ്‌റ്റ് ഡൽഹിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയം. പിന്നീട് ഡൽഹി സംസ്ഥാന രാഷ്ട്രീയത്തിൽ വിജയം വെട്ടിപ്പിടിച്ച ഷീല, തുടർച്ചയായി പതിനഞ്ചു വർഷം മുഖ്യമന്ത്രിപദത്തിൽ. ഡൽഹി പി.സി.സി അധ്യക്ഷയുമായിരുന്നു. 2013 നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാളിനോടു തോറ്റ് അധികാരത്തിൽ നിന്ന് പുറത്തായ ശേഷം 2014 മാർച്ചിൽ കേരളാ ഗവർണറായി. അഞ്ചു മാസത്തിനു ശേഷം രാജിവച്ചു.
രണ്ടു ഫോൺകോളുകളാണു തന്റെ ജീവിതം മാറ്റി മറിച്ചതെന്നു ഷീല ദീക്ഷിത് പറഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ശേഷം രാജീവ് ഗാന്ധിയുടേതായിരുന്നു ആദ്യത്തെ ഫോൺ കോൾ. ഉത്തർപ്രദേശിൽനിന്ന് ലോക്സഭയിലേക്കു മത്സരിക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു ആ കോൾ. അങ്ങനെ ഷീല കനൗജിൽനിന്ന് എംപിയായി, മന്ത്രിയായി . രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനു ശേഷം 1998–ലാണ് രണ്ടാമത്തെ കോൾ. സോണിയ ഗാന്ധിയായിരുന്നു മറുതലയ്ക്കൽ. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കോൺഗ്രസിനെ നയിക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ആ ഫോൺ സന്ദേശം ഷീലയെ ഡൽഹി മുഖ്യമന്ത്രിയാക്കി. ഒരു തവണയല്ല, 3 തവണ.
ഷീല ദീക്ഷിത് തന്റെ ആത്മകഥയെഴുതിയത് അടുത്ത കാലത്താണ്,‘സിറ്റിസൺ ഡൽഹി– മൈ ടൈംസ്, മൈ ലൈഫ്.’ ആ പുസ്തകത്തിൽ പക്ഷേ അവർ പറഞ്ഞതിനേക്കാളേറെ പലതും പറയാതെ മറച്ചു വച്ചു. 1984–ൽ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസിന്റെ നിലപാടിനെ അവർ എതിർത്തതാണ്; പക്ഷേ പുസ്തകത്തിൽ കൂടുതൽ പറയുന്നില്ല. പി വി നരസിംഹറാവു പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരിക്കേ പാർട്ടി പിളർന്നു. അന്ന് എൻ.ഡി. തിവാരിയോടെപ്പം പോയതിനെക്കുറിച്ചും ഷീല കൂടുതൽ പറയുന്നില്ല.
ഡൽഹി കണ്ട ഏറ്റവും ശക്തയും വികസനോത്സുകയുമായ മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. 1988–ൽ അവർ സ്ഥാനമേൽക്കുമ്പോൾ ഡൽഹി നഗരത്തിന്റെ നില അത്രയൊന്നും മെച്ചമായിരുന്നില്ല. 1984–ൽ ഏഷ്യൻ ഗെയിംസ് കാലത്തുണ്ടായ വികസനത്തെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. ഡൽഹിയുടെ മുഖഛായ മാറ്റിയ മെട്രോ റെയിൽ, ലോകോത്തര നിലവാരമുള്ള വിമാനത്താവളം – അതും സ്വകാര്യ പങ്കാളിത്തത്തോടെ, അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറച്ച സിഎൻജി, വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം, ജലവിതരണത്തിലെ പരിഷ്കാരങ്ങൾ…ഡൽഹി മാറുകയായിരുന്നു, തികച്ചും ആധുനികമായ നഗരമായി.
പഞ്ചാബിൽ ജനിക്കുകയും യുപിക്കാരനെ വിവാഹം കഴിക്കുകയും ചെയ്തുവെങ്കിലും ഡൽഹിക്കാരിയായിരുന്നു എന്നും ഷീല. ജീസസ് ആൻഡ് മേരി കോൺവന്റ് സ്കൂളിൽ പഠിക്കുമ്പോഴും മിറാൻഡ ഹൗസ് കോളജിൽ പഠിക്കുമ്പോഴും ഡൽഹിയിലെ റോഡുകളിലൂടെ സൈക്കിൾ ഓടിച്ചിരുന്ന ഷീല പിന്നീട് ഡൽഹിയുടെ ഭരണ ചക്രം തിരിച്ചു. 48 –ാം വയസ്സിൽ ഭർത്താവ് മരിച്ച ശേഷം അവർക്കു മുന്നിൽ ജീവിതം ഉയർത്തിയ വെല്ലുവിളിയെ സധൈര്യം നേരിട്ടു.
ഗുരുവായൂരപ്പന്റെ ഭക്തയായിരുന്നു അവർ. മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഏതു പരിപാടിക്കു ക്ഷണിച്ചാലും അവർ ഓടിയെത്തിയിരുന്നു. മലയാളികളുമായി എന്നും അടുത്ത ബന്ധവും സ്നേഹവും പുലർത്തിപ്പോന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി മലയാളി സംഘടനകളെ വിളിച്ചു വരുത്തി ചർച്ചകൾ നടത്തിയിരുന്നു.
ഡൽഹി നിവാസികൾക്ക് പ്രിയപ്പെട്ട ദീദി ആയിരുന്നു ഷീല ദീക്ഷിത്. രാഷ്ട്രീയത്തിന് അതീതമായി അവർ ദീദിയെ ഇഷ്ടപ്പെട്ടു. 15 വർഷം ഭരണത്തിലിരുന്നിട്ടും ഒരു അഴിമതി ആരോപണവും നേരിടാതിരുന്ന ഷീല അവസാനം കോമൺവെൽത്ത് ഗെയിസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് 3 ആരോപണങ്ങൾ നേരിട്ടു. മൂന്നിലും അവർ കുറ്റവിമുക്തയായി. പക്ഷേ അപ്പോഴേക്കും ഡൽഹിയുടെ രാഷ്ട്രീയം ഏറെ മാറിക്കഴിഞ്ഞിരുന്നു. ഷീല ദീക്ഷിത്തിന് ഒരു തിരിച്ചു വരവിന് സാധ്യമായ വിധത്തിലായിരുന്നില്ല ഡൽഹിയുടെ രാഷ്ട്രീയം – രാജ്യത്തിന്റെയും.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തുടങ്ങിയവർ അനുശോചിച്ചു.
Leave a Reply