മലയാളി ദമ്പതികളുടെ വളർത്തുമകൾ ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ശക്തമായ മുന്നോട്ടുപോവുകയാണെന്ന് ടെക്സസിലെ റിച്ചാർഡ്സണ്‍ പൊലീസ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. കുട്ടിയുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വളർത്തമ്മ സഹകരിക്കുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ കെവിൻ പെർലിച്ച് പ്രതികരിച്ചു.
ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ. വളർത്തച്ഛൻ വെസ്‌ലി മാത്യുവിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ഡിഎൻഎ സാംപിളുകൾ ലഭിച്ചിരുന്നു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽ നിന്നു കണ്ടെടുത്ത മൂന്നു വയസ്സു തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഷെറിനെ ദത്തുനൽകിയ ബിഹാറിലെ സ്ഥാപനം ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടിയെ ദത്തുനൽകിയതിന്റെ നടപടിക്രമങ്ങൾ കൃത്യമായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. നളന്ദയിലെ ഈ സ്ഥാപനം ഒരുമാസം മുൻപ് അടച്ചുവെന്നാണ് ജില്ലാ മജിസ്ട്രേറ്റ് പറയുന്നത്. കുട്ടികളെ ദത്തുനൽകുന്ന വിവരങ്ങളൊന്നും അധികൃതർ കൃത്യമായി നൽകാറില്ലെന്നാണ് പറയുന്നത്. രണ്ടു വർഷം മുൻപാണ് മലയാളി ദമ്പതികൾ കുഞ്ഞിനെ ഇവിടെ നിന്നും ദത്തെടുത്തത്.
ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്നാണു വെസ്‌ലി മൊഴി നൽകിയിരിക്കുന്നത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നൽകി.
Leave a Reply