ന്യൂസ് ഡെസ്ക് മലയാളം യുകെ
ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി ഒരു യുകെ മലയാളി നേഴ്സ് വിട പറഞ്ഞു. എൻ എച്ച് സിൽ നേഴ്സ് ആയിരുന്ന ഷിംജ ജേക്കബ് (35) ആണ് മരണമടഞ്ഞത്. റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന ഷിംജ എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ കൂനമ്മാവ് സ്വദേശിനിയാണ്.
നോർത്ത് പറവൂർ പരേതനായ കൊച്ചുതുണ്ടിയിൽ ജേക്കബ് , ഫെൻസിയ ജേക്കബിന്റെ മകളാണ് ഷിംജ. ഷൈൻ ജേക്കബ് ആണ് ഏക സഹോദരൻ . സംസ്കാരം കഴിഞ്ഞ ദിവസം വൈകിട്ട് 4 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ നടത്തി. ഏതാനും നാളുകളായി വയറുവേദന അനുഭവപ്പെട്ടിരുന്ന ഷിംജ എൻഎച്ച്സിലെ ചികിത്സ വൈകിയതു കൊണ്ടാണ് കേരളത്തിലെത്തിയത്. ആശുപത്രിയിൽ എത്തി ചികിത്സ തേടുന്നതിനിടെ സ്ട്രോക്കും ഹൃദയാഘാതവും മൂലം മരണമടയുകയായിരുന്നു. സ്റ്റുഡൻറ് വിസയിലും പിന്നീട് കെയറർ വിസയിലും യുകെയിലെത്തിയ ഷീംജ കഠിന പരിശ്രമത്തിലൂടെയാണ് തന്റെ സ്വപ്നമായിരുന്ന എൻഎച്ച് എസിലെ നേഴ്സ് ആയി ഒടുവിൽ ജോലിയിൽ പ്രവേശിച്ചത് .
എൻഎച്ച്എസിൽ നീണ്ട കാത്തിരിപ്പ് സമയമാണ് ഷിംജയുടെ ജീവൻ അകാലത്തിൽ പുലിയാൻ കാരണമായതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിക്കുന്നത്. വയറുവേദനയ്ക്ക് ട്രീറ്റ്മെന്റിനായി പലവട്ടം അപ്പോയിന്മെന്റ് കിട്ടാതെ വന്നതോടെയാണ് ഷിംജ നാട്ടിലെത്തി ചികിത്സ നടത്താൻ തീരുമാനിച്ചത്. നിലവിൽ ദശലക്ഷക്കണക്കിന് രോഗികളാണ് എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. 40 ആഴ്ച വരെ കാത്തിരുന്നതിനു ശേഷം ചികിത്സ ലഭിക്കാത്തവർക്ക് യുകെയിലെവിടെയും മറ്റു സ്ഥലങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തല തീരുമാനമായിരുന്നു , ഏകദേശം നാല് ലക്ഷം പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഷിംജയുടെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply