ഇംഗ്ലണ്ട് കാണാനെത്തിയ ഒരു ഉഗ്രവിഷപാമ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അണലി വർഗത്തിൽപെട്ട ചുരുട്ട മണ്ഡലി ഷിപ്പിങ് കണ്ടെയ്നറിൽ കയറിക്കൂടി ഇംഗ്ലണ്ടിൽ എത്തുകയായിരുന്നു.ഇന്ത്യയിൽ നിന്നും പാറക്കല്ലുകൾ കയറ്റിയ കണ്ടെയ്നറിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കയറിയതാണ് പാമ്പ് .കണ്ടെയ്നർ ഇംഗ്ലണ്ടിലെത്തിയ ശേഷം തുറന്നു പരിശോധിച്ച കൽപ്പണിക്കാരനാണ് അതിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. കണ്ടു പരിചയമില്ലാത്ത ഇനമാണെന്നു തോന്നിയതിനാൽ ഉടൻതന്നെ തുറമുഖത്ത് ഉണ്ടായിരുന്നവർ മൃഗാശുപത്രിയെ വിവരമറിയിച്ചു. മൃഗരോഗ വിദഗ്ധനും ഉരഗ വിദഗ്ധരും അടങ്ങുന്ന സംഘമാണ് പാമ്പിനെ പിടിക്കാനെത്തിയത്.
വിദഗ്ധ സംഘത്തിലെ അംഗങ്ങളാണ് ഇത് ലോകത്തിലെ ഏറ്റവും വിഷമുള്ള ഇനങ്ങളിൽ ഒന്നാണെന്ന് തിരിച്ചറിഞ്ഞത്. ഉഗ്ര വിഷമുള്ള പാമ്പുകളിൽ തന്നെ ഏറ്റവുമധികം ആളുകളുടെ ജീവൻ അപഹരിച്ചിട്ടുള്ളവയാണ് ചുരുട്ടമണ്ഡലികൾ. പാമ്പിനെക്കുറിച്ച് മനസ്സിലാക്കിയതോടെ കനത്ത മുൻകരുതലുകളെടുത്ത ശേഷമാണ് സംഘാംഗങ്ങൾ അതിനെ സമീപിച്ചത് എന്ന് സൗത്ത് എസ്സെക്സ് വൈൽഡ് ലൈഫ് ഹോസ്പിറ്റൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പാമ്പിനെ പിടികൂടിയ ശേഷം മനുഷ്യർക്ക് അപകടം ഉണ്ടാക്കാത്തവിധത്തിൽ സുരക്ഷിതമായ സ്ഥലത്തേക്ക് അതിനെ മാറ്റിയിട്ടുണ്ട്. ഉഗ്രവിഷമുള്ള ഇനമാണെന്നറിഞ്ഞിട്ടും അതിനെ കൊല്ലാൻ തുനിയാതെ സംരക്ഷിക്കാൻ തീരുമാനിച്ച ആശുപത്രി ജീവനക്കാരെ പ്രകീർത്തിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ജനങ്ങൾ പ്രതികരിക്കുന്നത്. അതേസമയം പണം മുടക്കാതെ കപ്പലിൽ ഒളിച്ചുകടന്ന് ഇംഗ്ലണ്ട് കാണാനെത്തിയ വിശിഷ്ടാതിഥിയെ പരിപാലിക്കാൻ തയാറാകുന്ന ഏതെങ്കിലും കേന്ദ്രത്തിന് കൈമാറാനാകുമെന്ന പ്രതീക്ഷയിലാണ് മൃഗാശുപത്രി.
Leave a Reply