നൂറുകണക്കിന് കുട്ടികള്‍ക്ക് മദ്യവും ലാഫിംഗ് ഗ്യാസും വിതരണം ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബര്‍മിംഗ്ഹാമിലെ ഷീഷ ബാര്‍ അടച്ചുപൂട്ടി. ഗൂച്ച് സ്ട്രീറ്റ് നോര്‍ത്തിലെ ക്ലൗഡ് നയന്‍ എന്ന ബാറിന്റെ ലൈസന്‍സാണ് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ റദ്ദാക്കിയത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ലൈസന്‍സ് നിബന്ധനകള്‍ ബാര്‍ ലംഘിച്ചുവെന്നും ഉത്തരവാദിത്തത്തോടെ ബാര്‍ നടത്തുമെന്നതില്‍ ഉടമ മുഹമ്മദ് മാലിക്കിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ലൈസന്‍സിംഗ് സബ് കമ്മിറ്റി വിലയിരുത്തി. കുട്ടികള്‍ക്ക് പ്രവേശനം പൂര്‍ണ്ണമായി നിഷേധിക്കാമെന്ന് ബാറുടമ അറിയിച്ചെങ്കിലും കൗണ്‍സില്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

യുവാക്കളായ സഞ്ചാരികള്‍ക്കായി പകല്‍ സമയ പാര്‍ട്ടികള്‍ നടത്തിയതിന് 2017 ഏപ്രില്‍ മുതല്‍ നിരവധി കേസുകള്‍ ഈ ബാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ 90 ദിവസത്തിനുള്ളില്‍ ബാര്‍ അടച്ചുപൂട്ടണമെന്ന് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. 9 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ലാഫിംഗ് ഗ്യാസ് നല്‍കിയെന്നാണ് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യവും ഈ ബാറില്‍ നിന്ന് വിതരണം ചെയ്തിരുന്നു. ഫയര്‍ സേഫ്റ്റി സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

ബാറിന്റെ ലൈസന്‍സ് പിന്‍വലിക്കണമെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസും കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ് 14 മാസങ്ങളായി ബാര്‍ ലൈസന്‍സ് നിബന്ധനകള്‍ തുടര്‍ച്ചയായി ലംഘിച്ചു വരികയായിരുന്നുവെന്നും കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലായിരുന്നു പ്രവര്‍ത്തനമെന്നും പോലീസിന്റെ ലീഗല്‍ പ്രതിനിധി മോളി ജോയ്‌സ് പറഞ്ഞു. ബാറുടമയാണ് ഇവയ്ക്ക് ഉത്തരവാദിയെന്നും പോലീസ് വ്യക്തമാക്കി.
 
	 
		

 
      
      



 
               
               
              




 
            
Leave a Reply