ലണ്ടന്‍: 2015ല്‍ അവതരിപ്പിച്ച ഫ്രീഡം ഓവര്‍ റിട്ടയര്‍മെന്റ് മണി പദ്ധതി പെന്‍ഷന്‍കാര്‍ക്ക് മേല്‍ വരുത്തുന്നത് വന്‍ നികുതിഭാരമെന്ന് മുന്നറിയിപ്പ്. വാര്‍ഷിക പലിശ ഉപേക്ഷിച്ച് പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും ഒരുമിച്ച് പിന്‍വലിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ ടാക്‌സ് ബില്ലുകളാണെന്നാണ് പേഴ്‌സണല്‍ ഫിനാന്‍സ് സൊസൈറ്റി പറയുന്നത്. പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന 25 ശതമാനം തുകക്ക് മാത്രമാണ് നികുതിയിളവുകള്‍ ബാധകമായിരിക്കുന്നത്. ഇത് അറിയാതെ പണം പിന്‍വലിക്കുന്നവര്‍ അബദ്ധത്തില്‍ ചാടുകയാണ് ചെയ്യുന്നതെന്ന് പേഴ്‌സണല്‍ ഫിനാന്‍സ് സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് കെയ്ത്ത് റിച്ചാര്‍ഡ്‌സ് പറഞ്ഞു.
പുതിയ പദ്ധതി പ്രഖ്യാപിച്ച ശേഷം വെറും പത്ത് ശതമാനം ആളുകള്‍ മാത്രമാണ് വാര്‍ഷിക പലിശക്കായി പണം പെന്‍ഷന്‍ ഫണ്ടില്‍ നിലനിര്‍ത്തിയിരിക്കുന്നത്. പണം പിന്‍വലിച്ചവര്‍ക്ക് ഇനി കൂടുതല്‍ പണം നഷ്ടമാകുമെന്ന് പിഎസ്എഫ് മുന്നറിയിപ്പ് നല്‍കുന്നു. റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന പദ്ധതിയാണ് ഇതെന്ന അഭിപ്രായമാണ് ഉയരുന്നത്. 2019 ഏപ്രിലോടെ ഈ പദ്ധതിയനുസരിച്ച് പണം പിന്‍വലിച്ചവരില്‍ നിന്ന് 5.1 ബില്യന്‍ പൗണ്ട് നികുതിയിനത്തില്‍ പിരിഞ്ഞു കിട്ടുമെന്നാണ് ട്രഷറി പ്രതീക്ഷിക്കുന്നത്.
ബജറ്റ് രേഖകള്‍ അനുസരിച്ച് 2015-16ല്‍ ഈ നികുതിയിനത്തില്‍ 300 മില്യന്‍ പൗണ്ടും 2016-17ല്‍ 600 മില്യന്‍ പൗണ്ടും ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ 2015-16 മാത്രം 1.5 മില്യന്‍ പൗണ്ട് പെന്‍ഷന്‍കാരില്‍ നിന്ന് ഈടാക്കി. 2016-17ല്‍ 1.1 ബില്യനാണ് പ്രതീക്ഷിക്കുന്നത്. 4,00,000 പൗണ്ട് പെന്‍ഷന്‍ ഫണ്ടുള്ള ഒരു 55 വയസുകാരനായ പെന്‍ഷനര്‍ വര്‍ഷം 20,000 പൗണ്ട് വീതം പിന്‍വലിച്ചാല്‍ 1700 പൗണ്ട് നികുതിയിനത്തില്‍ നല്‍കേണ്ടതായി വരുമെന്നാണ് കണക്കാക്കുന്നത്.
Leave a Reply