ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കടയിലെത്തിയ യുവതിയുടെ ഫോണിലെ സ്വകാര്യ ചിത്രങ്ങളടക്കം പരിശോധിച്ച മൊബൈൽ ഫോൺ റിപ്പയർ ഷോപ്പിലെ ജീവനക്കാരൻ പോലീസ് പിടിയിൽ. എന്നാൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാത്തതിനാൽ യുവാവിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. 28കാരിയായ ലൂയിസ് ജോൺസന്റെ പരാതിയിന്മേലാണ് വോർസെസ്റ്റർ റിപ്പയർ ഷോപ്പിലേക്ക് പോലീസ് എത്തിയത്. തറയിൽ വീണ് സ്ക്രീനും ബാറ്ററിയും തകർന്ന തന്റെ ഐഫോൺ 11 ശരിയാക്കാനായി വോർസെസ്റ്ററിലെ ‘ദി മൊബൈൽ ഡോക്ടറിൽ’ ഏല്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഫോൺ ശരിയാക്കുന്നതിനായി 85 പൗണ്ട് നൽകാമെന്നും അവൾ സമ്മതിച്ചു. എന്നാൽ കടയിലെ ഒരു ജീവനക്കാരൻ തന്റെ സ്വകാര്യ ചിത്രങ്ങൾ പരിശോധിച്ചതായി ലൂയിസ് കണ്ടെത്തി. ജീവനക്കാരൻ 15 മിനിറ്റ് നേരം തന്റെ ചിത്രങ്ങൾ പരിശോധിച്ചുവെന്ന് ലൂയിസ് വെളിപ്പെടുത്തി.

എന്നാൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്‌തിട്ടില്ലാത്തതിനാൽ ജീവനക്കാരന്റെ മേൽ കേസ് ചുമത്താൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. തന്റെ കാമുകന് നൽകിയ സ്വകാര്യ ചിത്രങ്ങൾ അടക്കം പരിശോധിച്ചുവെന്ന് ലൂയിസ് വെളിപ്പെടുത്തി. തന്റെ ചിത്രങ്ങൾ പരിശോധിക്കുന്നത് ശ്രദ്ധയിൽ പെട്ട ലൂയിസ് ഫോൺ തിരികെ വാങ്ങിയെങ്കിലും ജീവനക്കാരൻ അത് തട്ടിയെടുത്തു. കാമുകന് നൽകാനായി എടുത്ത ചിത്രങ്ങൾ ജീവനക്കാരൻ പരിശോധിക്കുന്നത് കണ്ടതോടെ തനിക്ക് വെറുപ്പ് തോന്നിയതായും ലൂയിസ് കൂട്ടിച്ചേർത്തു.


ലൂയിസിന്റെ പരാതിയെ തുടർന്ന് കടയിലെത്തിയ പോലീസ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെയാണ് ഫോണിലെ ചിത്രങ്ങൾ ജീവനക്കാരൻ 15 മിനിറ്റ് പരിശോധിച്ചുവെന്ന് സ്ഥിരീകരിച്ചത്. പോലീസിന്റെ സാന്നിധ്യത്തിൽ പ്രശ്‌നം പരിഹരിച്ചുവെന്ന് മൊബൈൽ ഡോക്ടറുടെ വക്താവ് പറഞ്ഞു. ലണ്ടനിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുകയാണ് ലൂയിസ്. അപരിചിതനായ ഒരാൾ തന്റെ അനുമതിയില്ലാതെ സ്വകാര്യ ചിത്രങ്ങളിലൂടെ കടന്നുപോയത് ഭയപ്പെടുത്തിയെന്ന് ലൂയിസ് പറഞ്ഞു. ഈ അനുഭവത്തോടെ തന്റെ വ്യക്തിഗത വിവരങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ലൂയിസ്.