ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷ നൽകുന്നതിനുള്ള നിയമവുമായി പുതിയ സർക്കാർ മുന്നോട്ട് വരുമെന്ന സൂചനകൾ പുറത്തുവന്നു. ഇന്ന് പാർലമെൻറിൽ ചാൾസ് രാജാവ് നടത്തുന്ന പ്രസംഗത്തിൽ ഈ വിഷയവും പരാമർശിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . 200 പൗണ്ടിൽ താഴെ വിലയുള്ള സാധനങ്ങൾ മോഷ്ടിക്കുന്നവർക്ക് കൂടുതൽ ശിക്ഷ നല്കാൻ ലക്ഷ്യമിട്ടുള്ള ക്രൈം ബിൽ ആണ് ഉടനെ സർക്കാർ അവതരിപ്പിക്കുക.


യുകെയിൽ നിലവിൽ 200 പൗണ്ടിന് താഴെ വിലയുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് ഗൗരവതരമായ ശിക്ഷയ്ക്ക് വിധേയമല്ല. 2014 ലാണ് ഇത് സംബന്ധിച്ച് നിയമനിർമ്മാണം നടത്തിയത്. ഈ നിയമത്തിന്റെ ആനുകൂല്യത്തിന്റെ ബലത്തിൽ സൂപ്പർമാർക്കറ്റുകളിൽ നിന്നും മറ്റും സ്ഥിരമായി സാധനങ്ങൾ മോഷണം പോകുന്നതിനെ കുറിച്ച് വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇതാണ് പുതിയ നിയമ നിർമ്മാണത്തിന് സർക്കാർ തയ്യാറാകുന്നതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മോഷണശ്രമത്തിന്റെ ഭാഗമായി കടകളിലെ ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങളും വർദ്ധിച്ചു വരുകയാണ്. ഇത്തരം സംഭവങ്ങൾക്കും നിലവിലുള്ള ശിക്ഷ ഉയർന്നത് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയേക്കും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷമാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കടകളിൽ ഏറ്റവും കൂടുതൽ മോഷണം നടന്നത് . 2023 -ൽ ഇംഗ്ലണ്ടിലും വെയിൽസിലും 430,000 – ലധികം കുറ്റകൃത്യങ്ങളാണ് ഷോപ്പുകളിൽ പോലീസ് രേഖപ്പെടുത്തിയത്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലൊക്കെ വളരെ കൂടുതലാണെന്നാണ് കണക്കാക്കുന്നത് ഒട്ടുമിക്ക മോഷണങ്ങളുടെയും പിന്നിൽ സംഘടിത ക്രിമിനൽ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. കുറഞ്ഞ മൂല്യമുള്ള സാധനങ്ങൾ മോഷ്ടിക്കുന്നവർക്ക് ഉചിതമായ ശിക്ഷ നൽകുന്നത് ഒട്ടേറെ ചെറിയ കടകളെ സഹായിക്കുമെന്ന് വോൾവർഹാംപ്ടണിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ ജോലി ചെയ്യുന്ന മിഷേൽ വൈറ്റ്ഹെഡ് പറഞ്ഞു.