സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് ബ്രിട്ടനിൽ പടർന്നുപിടിച്ചതോടെ എൻ എച്ച് എസും ജനങ്ങളും കനത്ത പ്രതിസന്ധിയിൽ ആയി കഴിഞ്ഞു. അതേസമയം ആരോഗ്യരംഗത്ത് സുരക്ഷാ ഉപകരണങ്ങൾക്ക് ഉണ്ടാകുന്ന ക്ഷാമം ഡോക്ടർമാരെയും നഴ്സുമാരെയും കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഇതുവരെ കോവിഡ് ബാധിച്ച് നാല്പതിലേറെ ആരോഗ്യപ്രവർത്തകർ യുകെയിൽ മരിച്ചുകഴിഞ്ഞു. രോഗികളെ ചികിത്സിക്കുന്നതിലൂടെയാണ് അവർക്ക് രോഗം പടർന്നത്. പിപിഇയുടെ ക്ഷാമം മൂലം സ്വന്തം ജീവൻ അപകടത്തിലാക്കി അവർക്ക് ജോലി ചെയ്യേണ്ടി വരുന്നു. കൊറോണ വൈറസ് പദ്ധതികൾ പ്രകാരം ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണ വസ്ത്രങ്ങളും മാസ്കുകളും വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ രേഖകളിൽ നിന്ന് വ്യക്തമാകുന്നു. ചില ആശുപത്രികൾ‌ സ്റ്റോക്കുകൾ‌ സംരക്ഷിക്കുന്നതിനായി സിംഗിൾ‌ യൂസ് ഗൗൺ‌സ് വൃത്തിയാക്കാൻ തുടങ്ങിയതായി ബിബിസി റിപ്പോർട്ട്‌ ചെയ്തു. സംരക്ഷണ ഉപകരണങ്ങളുടെ കുറവിനെ ഇത് എടുത്തുകാട്ടുന്നുവെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പറഞ്ഞു. സാധനങ്ങളുടെ സുരക്ഷിതമായ പുനരുപയോഗം പരിഗണിക്കുന്നതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. എന്നാൽ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല. “പിപിഇ ഒരു വിലയേറിയ വസ്തുവാണ്. ആരോഗ്യ, സാമൂഹിക പരിപാലനത്തിലുള്ള എല്ലാവർക്കും ശരിയായ സംരക്ഷണ ഉപകരണങ്ങൾ ലഭ്യമാകേണ്ടത് നിർണായകമാണ്. ഇവ സുരക്ഷിതമായി പുനരുപയോഗിക്കുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ ഇതിനായി പരിഗണിക്കപ്പെടുന്നു. പക്ഷേ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.” : പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ ഡോ. സൂസൻ ഹോപ്കിൻസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ബ്രിട്ടനിലെ കെയർ ഹോമുകളുടെ അവസ്ഥയും ദുഃഖകരമാണ്. രോഗബാധയെ തുടർന്ന് സ്റ്റാഫോർഡ്ഷെയർ കെയർ ഹോമിൽ ഇരുപത്തിനാല് പേർ ഇതുവരെ മരിച്ചു. മാർച്ച് 23 നാണ് 140 ജീവനക്കാരുള്ള വീട്ടിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചതിന് ശേഷം 10 മുതിർന്ന ആളുകളും ഒരു സ്റ്റാഫും സ്വയം ഒറ്റപ്പെട്ടു കഴിയുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇവിടെയുള്ള എല്ലാവരും ഭീതിയിലാണെന്ന് കെയർ ഹോം ഉടമ എഡ്വേർഡ് ട്വിഗ് പറഞ്ഞു. ജീവനക്കാരിലും പരിചരണത്തൊഴിലാളികളിലും രോഗലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ പി‌എച്ച്ഇയുടെ ഉപദേശപ്രകാരം വീട് ശുദ്ധീകരണം, സ്വയം സംരക്ഷണം , സ്വയം ഒറ്റപ്പെടൽ തുടങ്ങിയ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇവ നടപ്പിലാക്കിയതായി പി‌എച്ച്ഇ വെസ്റ്റ് മിഡ്‌ലാന്റിലെ ഡോ. നിക്ക് കോറ്റ്‌സി പറഞ്ഞു. മൂന്നാഴ്ചയായി ഇവിടെ സന്ദർശകരെയൊന്നും അനുവദിക്കുന്നില്ല. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഈ കെയർ ഹോമിൽ അഞ്ച് മരണങ്ങളാണ് ഉണ്ടായത്. കെയർ ഹോമിൽ കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്ത് കുടുംബങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ ആഴ്ച കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ എഡ്ന സമ്മർഫീൽഡിന്റെ (94) മരുമകൾ സിൽവിയ, ഈ ആശങ്ക തുറന്നുപറയുകയുണ്ടായി. “എപ്പോൾ ഒരു ശവസംസ്കാരം നടത്താമെന്ന് ഞങ്ങൾക്ക് അറിയില്ല. അതിൽ ആർക്കൊക്കെ പങ്കെടുക്കാൻ കഴിയുമെന്നതും അറിയില്ല. ” അവൾ പറയുകയുണ്ടായി.

ബ്രിട്ടനിൽ ഇന്നലെ മാത്രം 761 പേർ മരിച്ചു. മരണസംഖ്യ 12, 868 ആയി ഉയർന്നു. ഇന്നലെ പുതുതായി 4603 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ ഒരു ലക്ഷത്തോടടുത്തു – 98,476 കേസുകൾ. കഴിഞ്ഞ ദിനങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഇന്നലെ കുറവ് അനുഭവപ്പെട്ടു. ആഗോളതലത്തിൽ രോഗികളുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് അമേരിക്കയിലാണ് – ആറര ലക്ഷം പേർ. ലോകത്താകമാനം കോവിഡ് പിടിപെട്ട് 134,615 പേരും മരിച്ചുകഴിഞ്ഞു. അഞ്ചുലക്ഷത്തോളം പേർക്ക് രോഗം ഭേദമായെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു .