ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : യുകെയിൽ എത്തുന്ന മലയാളികളിൽ ഭൂരിഭാഗവും സ്വന്തമായി ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ആദ്യമായി വീട് വാങ്ങുന്നവർക്ക് നിരവധി സംശയങ്ങളുണ്ടാവും. ഒരു വീട് വാങ്ങാൻ അനുയോജ്യമായ സമയം ഏതാണ്? – ഇതിനുത്തരം നൽകുകയാണ് പേഴ്‌സണൽ ഫിനാൻസ് വിദഗ്ധയായ ജെമ്മ ഗോഡ്‌ഫ്രെ. ഇപ്പോൾ വീട് വാങ്ങുന്നതാണോ ഉചിതം? അതോ വില കുറയാൻ കാത്തിരിക്കണമോ? എന്നുള്ള ചോദ്യത്തിന്റെ ഉത്തരമായി മൂന്നു പ്രധാനപ്പെട്ട കാര്യങ്ങൾ ജെമ്മ ചൂണ്ടിക്കാട്ടുന്നു.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിലെ ശരാശരി വീട് വില കഴിഞ്ഞ മാസം 12.4% ആയി ഉയർന്നു. 9.7 ശതമാനത്തിൽ നിന്നാണ് വില കുതിച്ചുയർന്നത്. അതിനാൽ വീട് വാങ്ങാൻ അനുയോജ്യമായ സമയം നോക്കിയിരിക്കുന്നത് ശരിയല്ല. കാരണം, വീടുകളുടെ വില കുറയുമെന്നതിന് യാതൊരു ഉറപ്പുമില്ല. പ്രത്യേകിച്ച് വിൽക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ വീട് വാങ്ങാൻ ആഗ്രഹിക്കുമ്പോൾ.
രണ്ടാമതായി, പലിശനിരക്ക് ഉയരുന്നത് തുടർന്നാൽ മോർട്ട്ഗേജ് ചെലവേറിയതായി മാറും. പലിശ നിരക്കിൽ ഉണ്ടായ വർധന മൂലം ഏറ്റവും കടുത്ത ദുരിതം അനുഭവിക്കുക മോര്‍ട്ട്‌ഗേജ് ഉള്ളവരായിരിക്കും. സ്ഥിര നിരക്കില്‍ മോര്‍ട്ട്‌ഗേജ് ഉള്ളവരെ ഇത് ബാധിക്കുകയില്ല. എന്നാല്‍ റീമോര്‍ട്ട്‌ഗേജിംഗ് വലിയൊരു പ്രശ്‌നമായി മാറും. അതുപോലെ അസ്ഥിര നിരക്കില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് കനത്ത ഭാരമായിരിക്കും ഇനി വരിക. കഴിഞ്ഞ വര്‍ഷം പലിശ നിരക്ക് 1 ശതമാനത്തില്‍ താഴെ ഉണ്ടായിരുന്നപ്പോള്‍ എടുത്ത മോര്‍ട്ട്‌ഗേജുകള്‍ക്ക് പിന്നീട് ചെലവേറി വരികയായിരുന്നു. പലിശ കൂടുന്നതിനനുസരിച്ച് അടവു തുകയും വര്‍ദ്ധിക്കും.
മൂന്നാമതായി, ഇന്ന് വിപണിയിൽ മോർട്ട്ഗേജ് ഓഫറുകൾക്ക് യോഗ്യത നേടുന്നത് അത്ര എളുപ്പമായിരിക്കില്ല. വർഷങ്ങളോളം താമസിക്കാനുള്ള ഒരു വീട് വാങ്ങുന്നത് എപ്പോഴും വൈകാരികമായിരിക്കും. നിങ്ങൾക്ക് അനുയോജ്യമായ ഒന്ന് കണ്ടെത്തുന്നതിന് സമയമെടുക്കും. എന്നാൽ അത് കണ്ടെത്തി കഴിഞ്ഞാൽ വാങ്ങാൻ ശ്രമിക്കുക. വിലയിൽ കുറവുണ്ടാകാൻ കാത്തിരുന്ന് സ്വപ്നഭവനം നഷ്ടപ്പെടുത്തുന്നത് ശരിയായ നടപടിയല്ല.
Leave a Reply