ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന് ഇന്ത്യന്‍ വംശജയായ കെയര്‍ ഹോം നഴ്സിന് സസ്പെന്‍ഷന്‍. ഷ്രൂസ്ബറിയിലെ റോഡന്‍ ഹോം നഴ്സിംഗ് ഹോമില്‍ നഴ്സായിരുന്ന റിതു റസ്തോഗിയെയാണ് സസ്പെന്‍ഡ് ചെയ്തത്. മെന്റല്‍ ഹെല്‍ത്ത് നഴ്സായ ഇവര്‍ പ്രായമായ ഒരു രോഗിക്ക് മോര്‍ഫീന്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനായി ഇവര്‍ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലിന്റെ ഫിറ്റ്നസ് ടു പ്രാക്ടീസ് പാനലിനു മുന്നില്‍ ഹാജരായിരുന്നു. 2015 ഒക്ടോബര്‍ 9ന് പ്രായമായ ഒരു രോഗിക്ക് മോര്‍ഫീന്‍ സള്‍ഫേറ്റ് ടാബ്ലറ്റുകള്‍ നല്‍കിയില്ലെന്ന് പാനലിന് ബോധ്യമായതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
മരുന്ന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയത് കൂടാതെ രോഗിയുടെ നോട്ടുകളില്‍ മരുന്ന് നല്‍കിയെന്ന് രേഖപ്പെടുത്തിയതായും പാനല്‍ സ്ഥിരീകരിച്ചു. രോഗിക്ക് മരുന്ന് നല്‍കിയതിന് സാക്ഷിയാണെന്ന് ഒപ്പിട്ടു നല്‍കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചുവെന്നും വ്യക്തമായിരുന്നു. ഫിറ്റ്നസ് ടു പ്രാക്ടീസ് പാനലിന്റെ ഹിയറിംഗ് രണ്ടാഴ്ച നീണ്ടു. റിതു റസ്തോഗിയുടെ പെരുമാറ്റം നെറികേടാണെന്നും അതുകൊണ്ടു തന്നെ 12 മാസത്തേക്ക് പ്രാക്ടീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയാണെന്നും പാനല്‍ അധ്യക്ഷന്‍ ഫിലിപ്പ് സേയ്സ് പറഞ്ഞു. റിതു റസ്തോഗി മരുന്ന് നല്‍കിയില്ലെന്ന് മാത്രമല്ല തെറ്റായ വിവരം രേഖപ്പെടുത്തുകയെന്ന കുറ്റവും ചെയ്താതായി അദ്ദേഹം പറഞ്ഞു.
കെയര്‍ ഹോമില്‍ ബാന്‍ഡ് 5 നഴ്സായിരുന്ന ഇവര്‍ക്കെതിരെ 2014 മാര്‍ച്ചിലും 2015 ഒക്ടോബറിലും ആരോപണങ്ങളുണ്ടായിട്ടുണ്ടെന്നും പാനല്‍ സ്ഥിരീകരിച്ചു. ഒരു രോഗിയെ വെള്ളമില്ലാതെ ഗുളിക വിഴുങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഒരു ആരോപണം. രോഗികളുടെ സമ്മതമില്ലാതെ അവരുടെ വായിലേക്ക് ഗുളികകള്‍ ഇട്ടുനല്‍കിയതായും ആരോപണമുണ്ട്. 2014ല്‍ ഇവര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും അവയിലെ കണ്ടെത്തലുകള്‍ എന്‍എംസി അന്വേഷണത്തില്‍ തെളിയിക്കാന്‍ സാധിച്ചിരുന്നില്ല.
Leave a Reply