ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പ്രസവ പരിചരണത്തിൽ ഷ്രൂസ്ബറി ആൻഡ് ടെൽഫോർഡ് ഹോസ്പിറ്റൽ ട്രസ്റ്റിനുണ്ടായ ഗുരുതര വീഴ്ചയിൽ ക്ഷമ ചോദിച്ച് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. സീനിയർ മിഡ്‌വൈഫ് ഡോണ ഒക്കൻഡെന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട്‌ പുറത്തുവന്നതിന് പിന്നാലെയാണിത്. ഹോസ്പിറ്റൽ ട്രസ്റ്റ്‌ നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. മെച്ചപ്പെട്ട പ്രസവ പരിചരണം നൽകിയിരുന്നെങ്കിൽ 201 കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അഞ്ചു വർഷം നീണ്ട അന്വേഷണത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്വഭാവിക പ്രസവം പ്രോത്സാഹിപ്പിച്ചതിലൂടെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവൻ അപകടത്തിലായതായി റിപ്പോർട്ടിൽ പറയുന്നു.

2000-നും 2019-നും ഇടയിലാണ് കേസുകൾ ഉണ്ടായത്. ഹോസ്പിറ്റൽ ട്രസ്റ്റിനെതിരായ 1,862 കേസുകൾ അന്വേഷണ സംഘം പരിശോധിച്ചു.

പ്രധാന കണ്ടെത്തലുകൾ;

• സ്വാഭാവിക പ്രസവം പ്രോത്സാഹിപിച്ചതിലൂടെ 201 കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടു.

• സിസേറിയൻ ചെയ്യാൻ ജീവനക്കാർ വിമുഖത കാണിച്ചു. പല കേസുകളിലും, അമ്മമാരും കുഞ്ഞുങ്ങളും ട്രസ്റ്റിന്റെ പരിചരണത്തിന്റെ ഫലമായി ജീവിതകാലം മുഴുവൻ രോഗാവസ്ഥയിൽ കഴിയാനിടയായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

• 65 സെറിബ്രൽ പാൾസി കേസുകളിലും 29 ഗുരുതരമായ മസ്തിഷ്ക ക്ഷതങ്ങളിലും നൽകിയ പരിചരണത്തിൽ ആശങ്കയുണ്ട്.

• നവജാതശിശുക്കളുടെ മരണം തുടർക്കഥയായിട്ടും അത് അന്വേഷിക്കാനോ മാതാപിതാക്കളുടെ വാക്കുകൾ ശ്രദ്ധിക്കാനോ ട്രസ്റ്റ്‌ തയ്യാറായില്ല.

• ഒമ്പത് അമ്മമാരുടെ മരണത്തിലും ട്രസ്റ്റിന് വീഴ്ചയുണ്ടായി.

ജീവനക്കാരുടെ അഭാവം, പരിശീലനത്തിന്റെ അഭാവം, കാര്യക്ഷമമായ അന്വേഷണങ്ങളുടെയും ഭരണ നേതൃത്വത്തിന്റെയും അഭാവം, ബാധിതരായ കുടുംബങ്ങളെ ശ്രദ്ധിക്കാത്ത നടപടി എന്നിവയാണ് പരാജയങ്ങളുടെ കാരണം.

പോരാട്ടത്തിന്റെ പ്രതീകമായി ഈ അമ്മമാർ

ട്രസ്റ്റിന്റെ പരിചരണത്തിലെ വീഴ്ചകൾ കാരണം കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട രണ്ട് അമ്മമാരുടെ പോരാട്ടമാണ് അന്വേഷണത്തിന് വഴിതുറന്നത്. തങ്ങളുടെ പെൺമക്കളുടെ മരണത്തെത്തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് റിയാനൺ ഡേവിസും കെയ്‌ലി ഗ്രിഫിത്‌സും 2016 ഡിസംബറിൽ അന്നത്തെ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന് കത്തെഴുതി. 2017 മെയ് മാസത്തിൽ, അന്വേഷണത്തിന് നേതൃത്വം നൽകാൻ അദ്ദേഹം ഡോണ ഒക്കൻഡനെ നിയമിച്ചു. റിച്ചാർഡ് സ്റ്റാന്റണിന്റെയും റിയാനൺ ഡേവിസിന്റെയും മകൾ കേറ്റ് 2009 മാർച്ചിൽ ജനിച്ച് മണിക്കൂറുകൾക്ക് ശേഷം മരിച്ചു. കെയ്‌ലീയുടെയും കോളിൻ ഗ്രിഫിത്‌സിന്റെയും മകൾ പിപ്പ 2016 ൽ ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് അണുബാധയെത്തുടർന്ന് മരിച്ചു. കുഞ്ഞുങ്ങളുടെ മരണത്തിൽ ആശുപത്രിയ്ക്ക് വീഴ്ചയുണ്ടായെന്ന് ബോധ്യപ്പെട്ടതോടെ അവർ ഒരു പോരാട്ടത്തിന് തയ്യാറെടുത്തു. അതാണ് ഈ കണ്ടെത്തലുകൾക്ക് കാരണം.