ഷുഹൈബ് വധക്കേസിൽ ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് ഉറപ്പുലഭിച്ചിരുന്നെന്നു അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരി. കൂടെയുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഉറപ്പു നൽകിയത്. പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വമാണ് ക്വട്ടേഷൻ നൽകിയത്. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും പറഞ്ഞു. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതല്‍ അന്വേഷിക്കില്ലെന്നും പറഞ്ഞു. അടിച്ചാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് നേതാക്കൾ ശഠിച്ചതായും ആകാശ് പൊലീസിനോടു വെളിപ്പെടുത്തി.
അതേസമയം, ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനെന്ന് ജില്ലാസെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു. പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായ ശേഷം നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനയോഗത്തില്‍ പങ്കെടുത്തത് കലക്ടര്‍ വിളിച്ചതുകൊണ്ടെന്ന് കെകെ രാഗേഷ് എംപി പറഞ്ഞു. സമാധാനയോഗം തകര്‍ക്കാനുള്ള ബാലിശനീക്കമാണ് യുഡിഎഫ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ഷുഹൈബ് വധക്കേസിലെ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ വിളിച്ച സമാധാനയോഗം പാഴായി. ജനപ്രതിനിധികളെ വിളിക്കാത്ത യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. അരമണിക്കൂറോളം നീണ്ട വാക്കേറ്റത്തിനൊടുവില്‍ യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാനയോഗത്തില്‍ മാത്രമേ ഇനി പങ്കെടുക്കൂ എന്നും അവര്‍ പ്രഖ്യാപിച്ചു.
Leave a Reply