കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക മൊഴികള്‍ പുറത്ത്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് ശുഹൈബ് അക്രമിക്കപ്പെടുമെന്നതിനെക്കുറിച്ച അറിവുണ്ടായിരുന്നു. ശുഹൈബിന്റെ കാലുകള്‍ വെട്ടിയെടുക്കാനായിരുന്നു ക്വട്ടേഷന്‍ കിട്ടിയതെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ ഇനി പിടികൂടാനുള്ളവര്‍ സിപിഎം സംരക്ഷണത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നും പ്രതികള്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ച് പേരെന്നാണ് പോലീസിന്റെ നിഗമനം. ഇപ്പോള്‍ പിടിയിലായ രണ്ട് പേര്‍ ശുഹൈബിന് വെട്ടി വീഴ്ത്തിയവരില്‍ ഉള്‍പ്പെട്ടവരാണ്. തില്ലങ്കേരി സ്വദേശിയായ ആകാശ്, റിജിന്‍രാജ് എന്നിവര്‍ സിപിഎം പ്രദേശിക നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന പാര്‍ട്ടി അനുയായികളാണ്. ആകാശും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൂടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തില്‍ പ്രതികളായവരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് ഇവരുടെ സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ക്കെതിരെ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Leave a Reply