ലണ്ടന്‍: ഇസ്രയേല്‍ വസ്തുക്കള്‍ ബഹിഷ്‌ക്കരിക്കുന്നതില്‍ നിന്ന് രാജ്യത്തെ പ്രാദേശിക കൗണ്‍സിലുകളെയും പൊതുസ്ഥാപനങ്ങളെയും സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയനുകളെയും വിലക്കി. ഇതോടെ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന ഒരു സ്ഥാപനങ്ങള്‍ക്കും അധാര്‍മികമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നുളള സാധനങ്ങള്‍ വാങ്ങാതിരിക്കാന്‍ സാധ്യമല്ല. ആയുധവ്യാപാരം നടത്തുന്ന കമ്പനികളുടെയും ഫോസില്‍ ഇന്ധനങ്ങള്‍ വ്യാപാരം ചെയ്യുന്ന കമ്പനികളുടെയും പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളുടെയും വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങളിലെ ഇസ്രയേല്‍ സെറ്റില്‍മെന്റുകളില്‍ നിന്നുമുളള സാധനങ്ങളും സേവനങ്ങളും വേണ്ടെന്ന് വയ്ക്കാന്‍ ഇനി സാധ്യമല്ല.
ഇത്തരം കമ്പനികളുടെ സാധനങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ബഹിഷ്‌ക്കരണത്തെ തങ്ങള്‍ അടിച്ചമര്‍ത്തിയതായി മുതിര്‍ന്ന സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. ഇല്ലെങ്കില്‍ അത് സമുദായ ബന്ധങ്ങളെ ബാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇത് സമൂഹത്തെ വിഷലിപ്തമാക്കും. സെമിറ്റിസ വിരുദ്ധതയ്ക്ക് എണ്ണപകരാനും ഇതിടയാക്കും. എന്നാല്‍ സര്‍ക്കാര്‍ നടപടി ജനാധിപത്യ ധ്വംസനമാണെന്നാണ് വിമര്‍ശകരുടെ പക്ഷം. സര്‍ക്കാര്‍ നടപടി പ്രാദേശിക ജനാധിപത്യത്തിന് മേലുളള കടന്ന് കയറ്റമാണെന്നാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്റെ വക്താവ് പ്രതികരിച്ചത്.
തങ്ങളുടെ പ്രാദേശിക പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് പൂര്‍ണ അധികാരമുണ്ട്. ഇത് പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ നിയന്ത്രണങ്ങളില്‍ നിന്ന് സ്വതന്ത്രമായി ആയിരിക്കണം. ധാര്‍മികവും മനുഷ്യാവകാശപരവുമായ പ്രശ്‌നങ്ങള്‍ കാട്ടി നിക്ഷേപത്തില്‍ നിന്ന് പിന്‍മാറാനും സാധനങ്ങള്‍ വേണ്ടെന്ന് വയ്ക്കാനും അവര്‍ക്ക് അധികാരവും ഉണ്ട്. സര്‍ക്കാര്‍ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ട് തികച്ചും യാഥാസ്ഥിതിക നയങ്ങളാണ് വച്ച് പുലര്‍ത്തുന്നത്. ഈയാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ മാറ്റ് ഹാന്‍കോക്ക് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.
വെസ്റ്റ്ബാങ്കില്‍ നിക്ഷേപമുളളതടക്കമുളള ഇസ്രയേല്‍ കമ്പനികളുടെ സാധനങ്ങളാണ് നേരത്തെ ബഹിഷ്‌ക്കരിച്ചിരുന്നത്. അനധികൃത സെറ്റില്‍മെന്റുകളില്‍ നിന്നുളള വ്യാപാരം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്‌കോട്ടിഷ് സര്‍ക്കാരും ലെസ്റ്റര്‍ സിറ്റി കൗണ്‍സിലും മറ്റും നേരത്തെ ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത് തുടരാന്‍ സാധ്യമല്ല. സര്‍ക്കാര്‍ നടപടിയെ ബഹിഷ്‌കരണവാദികള്‍ അപലപിച്ചു.