സിയാച്ചിനില്‍ മഞ്ഞുപാളികള്‍ക്കിടയില്‍നിന്നും ആറാം ദിവസം രക്ഷിച്ച് ലാന്‍സ് നായക് ഹനുമന്തപ്പ (35)യുടെ ജീവനായി പ്രാര്‍ഥിക്കുകയാണ് രാജ്യമാകെ. സൈനികന്റെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണു ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘം.
ആറുദിവസം മൈനസ് 45 ഡിഗ്രി തണുപ്പില്‍, മഞ്ഞുമലയുടെ കീഴില്‍ 25 അടിയോളം താഴ്ചയില്‍ നിന്ന് ഹനുമന്തപ്പയെ ജീവിതത്തിലേക്ക് തിരിച്ചു പിടിച്ചുകയറ്റിയതില്‍ ആദരമര്‍പ്പിക്കേണ്ടത് ഇവര്‍ക്കാണ്. ഡോട്ടിനും മിഷയ്ക്കും.
സിയാച്ചിലിലെ സൈന്യത്തിന് ഒപ്പം നില്‍ക്കുന്ന സൈബിരീയന്‍ നായകളാണ് ഡോട്ടും, മിഷയും. 25 അടി താഴ്ചയില്‍ ദിവസങ്ങളോളം താഴ്ന്നു കിടന്ന ഹനുമന്തപ്പയുടെ ജീവന്റെ തുടിപ്പുകള്‍ കണ്ടെത്താന്‍ സഹായിച്ചതില്‍ ഇരുവരുടെയും പങ്ക് ഏറെ വലുതാണ്.
അത്ഭുതകരമായ പ്രവര്‍ത്തിയെന്നാണ് ഡോട്ടിന്റെയും മിഷയുടെയും പ്രവര്‍ത്തനത്തെ സൈന്യം വിശേഷിപ്പിച്ചത്. 19,500 അടി ഉയരത്തിലുള്ള സിയാച്ചിലില്‍ കഴിഞ്ഞ ഫെബ്രുവരി 3നാണ് ശക്തമായ മഞ്ഞിടിച്ചില്‍ ഉണ്ടായത്. സിയാച്ചിലിന്റെ വടക്ക് വശത്തെ സൈനിക പോസ്റ്റിലുള്ള സൈനികരാണ് ദുരന്തത്തില് പെട്ടത്.
തുടര്‍ന്ന് ദുരന്തസ്ഥലത്ത് എത്തിയ 150 ഒളം പരിശീലനം നേടിയ സൈനികര്‍ ദുരന്ത സ്ഥലത്ത് 25-30 അടി താഴ്ചയില്‍ ഒരോ ഇഞ്ചും മഞ്ഞു നീക്കിയാണ് ഇവര്‍ രക്ഷപ്രവര്‍ത്തനം നടത്തിയത്. 24 മണിക്കൂറും ഇവര്‍ രക്ഷപ്രവര്‍ത്തനം നടത്തി. പകല്‍ മൈനസ് 30 ഡിഗ്രിയും, രാത്രി മൈനസ് 50 ഡിഗ്രിയുമായിരുന്നു തണുപ്പ്.
ഡോട്ടും, മിഷയും നേരത്തെയും സൈനികര്‍ക്ക് രക്ഷയായിട്ടുണ്ട്. പെട്രോളിങ്ങ് നടത്തുന്ന സൈനികര്‍ക്ക് വഴികാട്ടുവാനും, പോസ്റ്റുകള്‍ക്ക് ഇടയില്‍ സന്ദേശം കൈമാറ്റാനും സൈനികര്‍ ഈ നായകളെ ഉപയോഗിക്കാറുണ്ട് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടൊപ്പം രക്ഷപ്രവര്‍ത്തനത്തിന് ഡീപ്പ് പെനറ്ററേറ്റിങ്ങ് റഡാറും സൈന്യം ഉപയോഗിച്ചു. 20 അടി താഴ്ചയില്‍ വരെ എന്തെങ്കിലും മെറ്റല്‍ ഉപകരണം ഉണ്ടെങ്കില്‍ അതിന് അനുസരിച്ച് സിഗ്‌നല്‍ തരുന്നതാണ് ഈ റഡാറുകള്‍. മഞ്ഞുമലയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നറിയാനുള്ള റഡാറുകളില്‍ ജീവന്റെ കണികപോലും ഇല്ലെങ്കില്‍ ചുവന്ന സിഗ്‌നലും ജീവന്‍ ഉണ്ടെങ്കില്‍ പച്ച സിഗ്‌നലും തെളിയുന്നതാണ്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണു സിയാച്ചിന്‍. ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ ഇവിടെ മരിച്ചത് മോശം കാലാവസ്ഥ മൂലമാണ്.