സ്വന്തം ലേഖകൻ

ചെന്നൈ : പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും പ്രതികരണവുമായി നടന്‍ സിദ്ധാര്‍ഥ്. ആദ്യം മുസ്ലീങ്ങളെയും പിന്നീട് മറ്റ് മതസ്ഥരെയും അവര്‍ മാറ്റിനിര്‍ത്തുമെന്നും. ഫാസിസത്തോട് നോ പറയണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

” ആദ്യം അവര്‍ മുസ്ലീങ്ങളെ മാറ്റിനിര്‍ത്തും, പിന്നീട് ക്രിസ്ത്യാനികളെ, ശേഷം മറ്റ് മതസ്ഥരെ. പിന്നാലെ അടിച്ചമര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളെ അരികുവത്ക്കരിക്കും. ശേഷം തന്ത്രപരമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കു പിറകേ പോകും. വിഭജിക്കാന്‍ അവര്‍ എപ്പോഴും ഒരു വഴി കണ്ടെത്തും. വിദ്വേഷത്തിനായും അവര്‍ ഒരു മാര്‍ഗം കണ്ടെത്തും. അതാണവരുടെ മാര്‍ഗം. ഫാസിസത്തോട് നോ പറയൂ. ഇന്ത്യയെ രക്ഷിക്കൂ”- സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും സിദ്ധാര്‍ഥ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

മുമ്പും നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ തുറന്ന പ്രതിഷേധം പ്രകടിപ്പിച്ച നടനാണ് സിദ്ധാര്‍ഥ്. മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ നിയമത്തെയും പൊലിസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു