ലണ്ടൻ : ഹൃദയ സ്തംഭനം മൂലം ക്രോയിഡോണില്‍ നിര്യാതനായ സിജി ടി അലക്സിന് യുകെ മലയാളികളുടെ യാത്രാമൊഴി. ഹൃദയഭേദകമായ കാഴ്ചകളാണ് ഇന്നലെ ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി അങ്കണത്തു നടന്നത്. എന്താണ് നടക്കുന്നത് എന്ന് തിരിച്ചറിയാൻ പ്രായമാകാത്ത നാലു വയസുകാരി മകളെ കെട്ടിപ്പിടിച്ചു ഭാര്യ ബിന്‍സിയുടെ കണ്ണിൽ നിന്നും നിൽക്കാതെ ഒഴുകിയ കണ്ണുനീർ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. എല്ലാ പ്രവാസിമലയാളികളുടെയും പോലെ ഒരു പാട് സ്വപ്നങ്ങളുമായി ജീവിച്ച ഈ കൊച്ചു കുടുംബത്തിലേക്ക് കള്ളനെപ്പോലെ അപ്രതീക്ഷിതമായി മരണം കടന്നുവന്നപ്പോൾ എല്ലാമായിരുന്ന മക്കൾക്ക് പിതാവിനേയും ബിൻസിക്ക് തന്റെ ഭർത്താവിനെയും ആണ് നഷ്ടപ്പെട്ടത്.

ബിന്‍സിയുടെയും മക്കളുടെയും കലങ്ങിയകണ്ണുകളും വേദനയും സംസ്ക്കാര ശ്രുശൂഷകളിൽ പങ്കെടുത്തവരുടെ മനസ്സിൽ മായാത്ത മുറിവ് ഉണ്ടാക്കി. ഉറ്റവരുടെ മരണം പകർന്നു നൽകുന്ന വേദനയുടെ ആഴം എല്ലാവരും തിരിച്ചറിയുക ആയിരുന്നു. പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും ശേഷം മൃതദേഹം ക്രോയിഡോണ്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ ഒരു പിടി നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ആണ് മരണവും സംസ്ക്കാരവും നടക്കുന്നത്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ ഒരുപാടു കടമ്പകൾ കൊറോണ നിയന്ത്രണങ്ങൾ കാരണം ഉടലെടുത്തപ്പോൾ ജനിച്ച മണ്ണ് വിട്ട് അന്നം തരുന്ന നാടിൻറെ മണ്ണിനോട് ചേരുകയായിരുന്നു.

ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചാണ് സിജി ടി അലക്സിന്റെ സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭാ യുകെ യൂറോപ്പ് ആഫ്രിക്കാ ഭദ്രാസനത്തിന്റെ സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്ബ്, ഇടവക വികാരി ഫാ. എബി പി വര്‍ഗീസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ഹാപ്പി ജേക്കബ്ബ് മുഖ്യകാര്‍മ്മികനായി.

മൂത്ത മകന്‍ സിബിന്‍ സിജി പിതാവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോള്‍ കണ്ണുനീരോടെയാണ് ഏവരും ആ വാക്കുകള്‍ കേട്ടത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് സിജിയുടെ സഹോദരി ഭര്‍ത്താവായ സൈമി ജോര്‍ജ്ജ് നന്ദി പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭദ്രാസന സെക്രട്ടറി, ഇടവകയെ പ്രതിനിധീകരിച്ചു ട്രസ്റ്റി റോയ്സ് ഫിലിപ്പ്, സെക്രട്ടറി ബിനു ജേക്കബ്ബ് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടവകയ്ക്കു വേണ്ടിയും ആധ്യാത്മിക സംഘടനകള്‍ക്കും വേണ്ടി ഫാ. എബി പി വര്‍ഗീസ് അനുശോചനം അറിയിച്ചു. ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിനു വേണ്ടിയും ഭദ്രാസന കൗണ്‍സിലിനു വേണ്ടിയും ഭദ്രാസനത്തിനു വേണ്ടിയും ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്ബും മാനേജിംഗ് കമ്മിറ്റി മെമ്പര്‍ രാജന്‍ ഫിലിപ്പും അനുശോചന പ്രസംഗം നടത്തി. സംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം ക്രോയിഡോണ്‍ മിച്ചം റോഡ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.

സീറോ മലബാര്‍ വൈദികരായ സാജു പിണക്കാട്ട്, ടോമി എടാട്ട് പിആര്‍ ഒ, ഫാ. ബിനോയ് നിലയാറ്റിങ്കല്‍ എന്നിവര്‍ വീട്ടില്‍ നടന്നുവന്നിരുന്ന വിവിധ ദിവസങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. അതു പോലെ തന്നെ ഓര്‍ത്തഡോക്സ് സഭാ വൈദികനും മാനേജിംഗ് കമ്മിറ്റി അംഗവുമായ എബ്രഹാം ജോര്‍ജ്ജ് കോര്‍ എപ്പിസ്‌കോപ്പ, മര്‍ഗീസ് ജോണ്‍ മണ്ണഞ്ചേരില്‍ എന്നിവരും ഇടവക വികാരി എബി പി വര്‍ഗീസും  വീട്ടിലെത്തി സംസ്‌കാര ശുശ്രൂഷകളുടെ വിവിധ ഭാഗങ്ങള്‍ നിര്‍വ്വഹിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും വീട് സന്ദർശിച്ചിരുന്നു. സിജിയുടെ നാട്ടിലെ ഇടവക പള്ളിയായ ചെങ്ങന്നൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ എല്ലാ ദിവസും പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. ഇടവക വികാരി, അസിസ്റ്റന്റ് വികാരി എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. ക്രോയിഡോണിലെ സംസ്‌കാര ശുശ്രൂഷകള്‍ നാട്ടില്‍ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു.

ഈ മാസം 11ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ ചെറിയ തോതില്‍ കാല് വേദന തോന്നിയെങ്കിലും സിജി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും വേദന കൈകള്‍ക്കും തോന്നിയപ്പോഴാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ കൂട്ടി ആംബുലന്‍സ് വിളിച്ചു ക്രോയ്ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. അവിടെ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇടയ്ക്കു രണ്ടു വട്ടം ടോയ്‌ലെറ്റില്‍ തനിയെ പോയി വന്ന സിജി ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുക ആയിരുന്നു.തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ഇതിനിടയില്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളും താളം തെറ്റുക ആയിരുന്നു. ഈ സമയം മൂന്നു വട്ടം തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതായാണ് ബന്ധുക്കള്‍ പങ്കു വയ്ക്കുന്ന വിവരം. തുടര്‍ന്ന് അബോധാവസ്ഥയിലേക്കു പോയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് ചെയ്‌തത്‌.

എന്നാല്‍ നേരം വെളുത്തപ്പോള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ നില വഷളായി മരണത്തിനു കീഴടങ്ങുകയായിരുന്നു. മരിക്കുന്നതിന് മുൻപ് സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ ചാപ്ലയിന്‍ ആയ ഫാ: എബി പി വര്‍ഗീസ് എത്തി അന്ത്യ കൂദാശ നല്‍കുകയും ചെയ്‌തു. അന്‍പതു വയസ് മാത്രമായിരുന്നു പ്രായം. ക്രോയിഡോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു.

ബിന്‍സി സിജി ആണ് ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍, പ്രൈമറി വിദ്യാര്‍ത്ഥി അലന്‍, നാലുവയസുകാരി ദിയ എന്നിവരാണ് മക്കള്‍. പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയും ഓര്‍ത്തഡോക്‌സ് സഭാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായ സോജി ടി മാത്യു സഹോദരനാണ്. നാട്ടില്‍ തിരുവല്ല പുതുശ്ശേരി സ്വദേശിയാണ്. തെക്കേപടിക്കല്‍ ചെറിയാന്‍ – ലീലാമ്മ ദമ്പതികളുടെ മകനാണ്.