വീട്ടിലേക്ക് വിളിച്ച് അരമണിക്കൂറിനുള്ളിൽ എത്താമെന്ന് അമ്മയോട് ടെലിഫോണിൽ വിളിച്ച് ഉറപ്പ് നൽകിയ മകൻ ഒരിക്കലും മടങ്ങി വരില്ലെന്ന് അറിഞ്ഞ ഞെട്ടലിലാണ് കുടുംബം. സിജോ ജെറിൻ ജോസഫ് (27) ഇനിയൊരിക്കലും വീട്ടിലേക്ക് പടി കടന്നുവരില്ല എന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല. ഫോൺ വിളി എത്തി ഏറെ സമയം പിന്നിട്ടിട്ടും സിജോയെ കാണാത്തതിനെത്തുടർന്ന് വീട്ടുകാർ തിരഞ്ഞ് ഇറങ്ങിയിരുന്നു.പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് മൊബൈൽ ഫോൺ സ്ഥാനം നിർണയിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അപകടവിവരം അറിയുന്നത്.
പുതുശ്ശേരി കവലയ്ക്ക് സമീപം വന്ന് സിജോയുടെ നമ്പറിൽ വിളിച്ചപ്പോൾ തോട്ടത്തിൽനിന്ന് മൊബൈൽ ശബ്ദമുയർന്നു. റോഡിൽനിന്ന് തെറിച്ച് റബ്ബർ തോട്ടത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റനിലയിലായിരുന്നു സിജോ. കീഴ്വായ്പൂര് സ്റ്റേഷനിലെ എസ്‌ഐ സുരേന്ദ്രനും സജിയുമായിരുന്നു സിജോയെകണ്ടെത്തിയത്. ആ സമയത്ത് ചെറിയ അനക്കമുണ്ടോയെന്ന് സംശയം മാത്രമായിരുന്നു ബാക്കിയായത്.പിന്നീട് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസ്ഥിരീകരിച്ചു.
പുറമറ്റം കവലയിൽനിന്ന് കുറഞ്ഞൂക്കടവ് പാലം കടന്നുവന്ന ബൈക്ക് പുതുശ്ശേരി കവലയിൽ കയറുന്നതിന് മുൻപുള്ള വളവ് തിരിയാതെ നേരേ പോകുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ പത്ത് മീറ്ററോളം അകലെ മുതൽ ബ്രേക്ക് ചെയ്തതിന്റെ അടയാളം റോഡിൽ കാണാനുണ്ട്. മുള്ളുവേലി തകർത്ത് തോട്ടത്തിൽ കടന്ന ബൈക്ക് ഇടിച്ച് റബ്ബർ മരത്തിന്റെ പുറംപാളി രണ്ട് മീറ്റർ ഉയരത്തിൽ ഇളകിപ്പോയി. അത്ര പൊക്കത്തിലും ശക്തിയിലുമാണ് വന്ന് പതിച്ചതെന്ന് മരത്തിലെ പരിക്ക് തന്നെ സൂചിപ്പിക്കുന്നു.
കൊടുംവളവായ ഇവിടെ ഡിവൈഡറും മറ്റ് സുരക്ഷാപാളികളുമില്ല. റോഡുപണി മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ബിഎംബിസി നിലവാരത്തിൽ പൂർത്തിയാക്കേണ്ട പാതയുടെ ആദ്യത്തെ പാളി മാത്രമേ വിരിച്ചിട്ടുള്ളൂ. അതിനാൽ റോഡ് അടയാളങ്ങളോ അപകടമുന്നറിയിപ്പ് സൂചനകളോ ഇല്ലെന്നതുമാണ് അപകടത്തിന് കാരണമായത്.
അവിവാഹിതനാണ്. അച്ഛൻ: ജോസഫ് ജോർജ്, അമ്മ: അക്കാമ്മ. സഹോദരങ്ങൾ: ജൂബിൻ ജോസഫ് (മസ്‌കറ്റ്), ജൂലി മറിയം ജോസഫ് (നഴ്‌സ് കിങ് സൗദ് മെഡിസിറ്റി, സൗദി അറേബ്യ). സംസ്‌കാരം പിന്നീട്.
Leave a Reply