സന്ദീപ് ദാസ്
ഡെൽഹി: “ ഞാൻ ഒരുപാട് വിദേശയാത്രകൾ നടത്തിയിട്ടുണ്ട്. അതിന്റെ വെളിച്ചത്തിൽ പറയാം. മറ്റു രാജ്യങ്ങളിലെല്ലാം സ്ത്രീകൾ വളരെയേറെ ബഹുമാനിക്കപ്പെടുമ്പോൾ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്. സ്ത്രീകളെ ബഹുമാനിക്കണം എന്ന് പലരും പറയാറുണ്ട്. പക്ഷേ അത് നടപ്പിലാക്കാറുള്ളത് അപൂർവ്വം ചിലർ മാത്രമാണ് ”
ബാഡ്മിന്റണിലെ ഇന്ത്യയുടെ അഭിമാനതാരമായ പി.വി സിന്ധുവിന്റെ വാക്കുകളാണിത്. ഈ മനോഭാവമാണ് സിന്ധുവിന്റെ ഏറ്റവും വലിയ സവിശേഷത. സമത്വത്തിനുവേണ്ടി നിരന്തരം ശബ്ദിക്കുന്ന സ്വരമാണ് അവരുടേത്.
തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിത എന്ന ബഹുമതി ഏതാനും മാസങ്ങൾക്കുമുമ്പ് സിന്ധു കരസ്ഥമാക്കിയിരുന്നു. ആ നേട്ടം ഇന്ത്യയിലെ സ്ത്രീകൾക്കാണ് സിന്ധു സമർപ്പിച്ചത്. സ്ത്രീകൾക്കുനേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ വ്യാപകമായി അരങ്ങേറുന്ന സമൂഹമാണിത്. പക്ഷേ വേട്ടക്കാരനെ വിശുദ്ധനാക്കുന്ന ഏർപ്പാട് പലപ്പോഴും കണ്ടുവരുന്നുണ്ട്. പക്ഷേ അതുപോലുള്ള വിഷയങ്ങളിൽ സിന്ധു നേരിന്റെ പക്ഷത്താണ്. ഒരിക്കൽ അവർ അഭിപ്രായപ്പെട്ടിരുന്നു.
” നേരിട്ടിട്ടുള്ള ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നുപറയാൻ നമ്മുടെ പെൺകുട്ടികൾ തയ്യാറാകണം. അത് അപമാനമല്ല. അത്തരം തുറന്നുപറച്ചിലുകൾ വിളംബരം ചെയ്യുന്നത് നിങ്ങളുടെ കരുത്താണ്. ഒരു സ്ത്രീയായി ജനിച്ചതിൽ എനിക്ക് അഭിമാനമുണ്ട്…”
ഇങ്ങനെയൊക്കെ സംസാരിക്കുന്ന പെൺകുട്ടികളോട് ആർക്കാണ് സ്നേഹം തോന്നാതിരിക്കുക?. എനിക്ക് സിന്ധുവിനെ ഒരുപാട് ഇഷ്ടമാണ്. എല്ലാ മത്സരങ്ങളിലും അവർ വിജയിക്കണം എന്ന് ആഗ്രഹിക്കാറുമുണ്ട്. ഇപ്പോൾ സിന്ധു ചരിത്രമെഴുതിയിരിക്കുകയാണ് ! വേൾഡ് ചാമ്പ്യൻഷിപ്പ് സ്വർണ്ണം ആദ്യമായി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു ! അല്ല,സിന്ധു എത്തിച്ചിരിക്കുന്നു എന്നുവേണം പറയാൻ !
മുൻ ലോക ചാമ്പ്യനായ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. പ്രശസ്ത കമന്റേറ്ററായ ഗിലിയൻ ക്ലാർക്ക് പറഞ്ഞത് ഇത്രയേറെ ഏകപക്ഷീയമായ ഒരു ഫൈനൽ താൻ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് !. വേദിയിൽ ഇന്ത്യയുടെ ദേശീയപതാകയും ദേശീയഗാനവും ആദരിക്കപ്പെട്ടപ്പോൾ സിന്ധു കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു !
വലിയ വേദികൾ കാണുമ്പോൾ പരിഭ്രമിച്ചുപോകുന്ന സാധാരണ ഇന്ത്യൻ മനസ്സുതന്നെയാണ് സിന്ധുവിന്റേതും.അതുകൊണ്ടാണ് അവർ പല ഫൈനലുകളിലും പരാജയപ്പെട്ടത്. പക്ഷേ ആ പരമ്പരാഗത ദൗർബല്യത്തെ മറികടക്കാനുള്ള വഴി സിന്ധു കണ്ടെത്തി. അതിന്റെ ഫലമാണ് ഈ സ്വർണ്ണം. സത്രീകളെ ‘ദുർബല’ എന്ന് വിശേഷിപ്പിക്കാൻ ഇനി ആർക്കെങ്കിലും ധൈര്യമുണ്ടോ!?
ഒരു ചൈനീസ് കമ്പനിയുമായി 50 കോടിയുടെ സ്പോൺസർഷിപ്പ് കരാറിൽ സിന്ധു ഒപ്പുവെച്ചിട്ടുണ്ട്. പുരുഷൻമാരുടെ ബാഡ്മിന്റണിലെ സൂപ്പർതാരമായ ശ്രീകാന്തിനുപോലും അത്രയും വലിയൊരു കരാർ സ്വന്തമാക്കാനായിട്ടില്ല ! ‘equal pay for equal work for men and women’ എന്ന് ഭരണഘടനയിൽ എഴുതിവെച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും അത് പ്രാവർത്തികമാകാറില്ല. സിന്ധുവിനെപ്പോലുള്ളവർ ഈ ആശയത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയാണ് !
കളിക്കളങ്ങൾ പെൺകുട്ടികൾക്കുള്ളതല്ലെന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ. ആൺകുട്ടികൾക്ക് കൂടുതൽ പോഷകാഹാരങ്ങൾ നൽകുന്ന കുടുംബങ്ങളാണ് ഇന്ത്യയിൽ ജീവിക്കുന്നത്. നടി റിമ കല്ലിങ്കലിനെ ”പൊരിച്ച മീൻ കിട്ടാത്തവൾ” എന്നാണല്ലോ ഇപ്പോഴും വിളിക്കുന്നത് ! അങ്ങനെ ചെറുതും വലുതുമായ വിവേചനങ്ങളോട് മല്ലിട്ടാണ് ഓരോ പെണ്ണും വളർന്നുവരുന്നത്. അതുകൊണ്ടുതന്നെ സിന്ധുവിന്റെ നേട്ടം വലിയ രീതിയിൽ കൊണ്ടാടപ്പെടണം.
സിന്ധുവിന്റെ മാതാപിതാക്കളെ എല്ലാവർക്കും മാതൃകയാക്കാം. കുട്ടിക്കാലത്ത് 56 കിലോമീറ്റർ അകലെയുള്ള കോച്ചിങ്ങ് കേന്ദ്രത്തിലേക്ക് സിന്ധുവിനെ പതിവായി എത്തിച്ചിരുന്നത് അച്ഛനായിരുന്നു. ഒരിക്കൽ പോലും സിന്ധു പരിശീലനത്തിന് വൈകി എത്തിയിട്ടില്ല എന്ന് പരിശീലകൻ സാക്ഷ്യപ്പെടുത്തുന്നു. കാരണം മകളുടെ സ്വപ്നങ്ങൾക്ക് വെള്ളവും വളവും നൽകാൻ സ്നേഹനിധിയായ ഒരച്ഛനുണ്ടായിരുന്നു.
സിന്ധു അടുക്കളയിൽ ചെലവഴിക്കേണ്ട സമയത്തെക്കുറിച്ചോര്‍ത്ത് സിന്ധുവിന്റെ അമ്മ ഒരിക്കലും വേവലാതിപ്പെട്ടിട്ടില്ല. മകളെ എത്രയും പെട്ടന്ന് കെട്ടിച്ചുവിട്ട് ‘ഭാരം ഒഴിവാക്കാൻ’ ശ്രമിച്ചതുമില്ല. അമ്മയുടെ ജന്മദിനത്തിലാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയത്.
മത്സരശേഷം ഇക്കാര്യം സിന്ധു വെളിപ്പെടുത്തിയപ്പോൾ സ്റ്റാർ സ്പോർട്സിന്റെ അവതാരകൻ ”ഹാപ്പി ബെർത്ത്ഡേ മമ്മാ” എന്ന് ഉറക്കെപ്പറഞ്ഞു. സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികൾ മുഴുവനും അതേറ്റുപിടിച്ചു. കോടിക്കണക്കിന് വരുന്ന ഭാരതീയരുടെ ജന്മദിനാശംസകൾ അതിനുപുറമെയാണ്…!
പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. എങ്കിലും ആവർത്തിക്കുന്നു. നിങ്ങളുടെ മകളെ വിശ്വസിക്കൂ. അവൾക്ക് പിന്തുണയും സ്നേഹവും നൽകൂ. ഒരുനാൾ അവളുടെ പേരിൽ നിങ്ങൾക്ക് അഭിമാനം തോന്നും…! ”
Leave a Reply