ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആംബുലൻസ് സർവീസിൽ സേവനം അനുഷ്ഠിക്കുന്ന പാരാമെഡിക്കലുകളുടെ ഭാഗത്തു നിന്നും ഗുരുതരമായ ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിൽ ഉടനീളം ലൈംഗികമായി അനുചിതമായി പെരുമാറുന്നതിന് പിരിച്ചു വിടപ്പെടുന്ന പാരാമെഡിക്കുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതായി അസ്സോസിയേഷൻ ഓഫ് ആംബുലൻസ് ചീഫ് എക്സിക്യൂട്ടീവുകളുടെയും (എഎസിഇ) വെൽഷ് ആംബുലൻസ് സർവീസിൻ്റെയും തലവൻ ജെയ്സൺ കില്ലൻസ് പറഞ്ഞു. പ്രമുഖ മാധ്യമമായ സ്കൈ ന്യൂസ് ആണ് ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
അവിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി ആംബുലൻസിൽ വെച്ച് ലൈംഗികമായി ആക്രമിക്കപ്പെട്ട കൊടും ക്രൂരത പാരാ മെഡിക്കലുകളുടെ ഭാഗത്തു നിന്നുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഉദാഹരണമായി സ്കൈ ന്യൂസ് പ്രസിദ്ധീകരിച്ചു . ജോലി കഴിഞ്ഞ് പബ്ബിൽ വെച്ച് മദ്യപിക്കുമ്പോൾ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ആംബുലൻസിൽ പുരുഷനും സ്ത്രീയുമായി രണ്ട് പാരാമെഡിക്കലുകൾ ഉണ്ടായിരുന്നു . എന്നാൽ യാത്രയ്ക്കിടെ അവൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട വാർത്തയാണ് പിന്നീട് പുറത്തു വന്നത് . കുറ്റം നിഷേധിച്ചെങ്കിലും പാരാമെഡിക്സ് റെഗുലേറ്ററായ ഹെൽത്ത് ആൻ്റ് കെയർ പ്രൊഫഷൻസ് കൗൺസിൽ (എച്ച്സിപിസി) പ്രതികൾ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു .
പാരാമെഡിക്കുകൾക്കെതിരെ അവരുടെ റെഗുലേറ്ററായ ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷൻസ് കൗൺസിലിന് 2023-ൽ നൽകിയ ലൈംഗിക ദുരുപയോഗ പരാതികളിൽ അഞ്ചിലൊന്ന് രോഗികൾക്കോ പൊതുജനങ്ങൾക്കോ എതിരെയുള്ളതായിരുന്നു. എച്ച് സി പി സി യുടെ ജീവനക്കാരിൽ 11ശതമാനം മാത്രമാണ് പാരാമെഡിക്കലുകൾ. എന്നാൽ ലൈംഗിക പീഡന പരാതിയിൽ ഉൾപ്പെട്ടിട്ടുള്ള 64 ശതമാനം പേരും പാരാമെഡിക്കലുകൾ ആണെന്ന് ഞെട്ടിക്കുന്ന സത്യമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇവരുടെ ഭാഗത്തുനിന്നും രോഗികളെ കുറിച്ച് ലൈംഗിക സംഭാഷണങ്ങൾ നടത്തുന്നതിൻ്റെ റിപ്പോർട്ടുകളും സ്കൈ ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്.
Leave a Reply