ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ നിരോധിക്കാൻ നീക്കം. പ്ലേറ്റുകൾ, ഗ്ലാസുകൾ, കത്തി, മുള്ള്‌, പോളിസ്റ്റൈറൈൻ കപ്പുകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് നിരോധനം ഏർപ്പെടുത്തുക. ‘വലിച്ചെറിയൽ സംസ്കാരം’ ഉപേക്ഷിക്കേണ്ട സമയമാണിതെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ്ജ് യൂസ്റ്റിസ് പറഞ്ഞു. ഈ വിഷയത്തിൽ മന്ത്രിമാർ പൊതു കൂടിയാലോചന നടത്തും. പുനരുപയോഗിക്കാൻ കഴിയാത്ത 1.1 ബില്ല്യൺ പ്ലേറ്റുകളും 4.25 ബില്യൺ കട്ട്ലറി ഇനങ്ങളും പ്രതിവർഷം ഉപയോഗിക്കുന്നുണ്ട്. വികസിത പോളിസ്റ്റൈറൈൻ ഉപയോഗിച്ച് നിർമ്മിച്ച പ്ലാസ്റ്റിക് കട്ട്ലറി, ഡ്രിങ്ക് സ്റ്റിറർ, ഫുഡ് കണ്ടെയ്‌നറുകൾ എന്നിവയ്ക്ക് 2022 ജൂൺ മുതൽ സ്കോട്ട്‌ലൻഡ് നിരോധനം ഏർപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM

ഈ മാസം ആദ്യം സർക്കാരിന്റെ പരിസ്ഥിതി ബിൽ പാർലമെന്റ് പാസാക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങൾക്ക് പുതിയ നിരക്കുകൾ ഏർപ്പെടുത്താൻ പരിസ്ഥിതി നിയമത്തിന്റെ അധികാരങ്ങൾ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചു. പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്ന വെറ്റ് വൈപ്പുകൾ, സഞ്ചികൾ എന്നിവയുടെ ഉപയോഗം എങ്ങനെ പരിമിതപ്പെടുത്താമെന്നും ആലോചിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്‌ട്രോ, കോട്ടൺ ബഡ്‌സ് എന്നിവ കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം നേരിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് പരിസ്ഥിതി സെക്രട്ടറി വ്യക്തമാക്കി. സർക്കാരിന്റെ പുതിയ തീരുമാനം പരിസ്ഥിതി പ്രവർത്തകർക്ക് സന്തോഷം പകരും. രാജ്യത്തിന്‍റെ പരിസ്ഥിതിയെത്തന്നെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു വിപത്തിന് തടയിടാനാണ് സർക്കാർ സംവിധാനം ശ്രമിക്കുന്നത്.