യുകെയിലെ വിഗാനിൽ ക്യാൻസർ ബാധിച്ച് മരണമടഞ്ഞ മലയാളി നേഴ്സ് സിനി ജോബിക്ക് ( 41 ) നാട്ടിൽ അന്ത്യവിശ്രമം. മാതൃ ഇടവകയായ കലയന്താനി സെന്റ് മേരീസ് പള്ളിയിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടന്നത്. സിനിയുടെ ഭർത്താവ് തൊടുപുഴ കലയന്താനി സ്വദേശിയായ ജോബിയുടെ ഭവനത്തിൽ നടന്ന പൊതു ദർശനത്തിലും തുടർന്നു നടന്ന മൃതസംസ്കാര ശുശ്രൂഷയിലും വൻ ജനാവലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ചേതനയറ്റ അമ്മയ്ക്ക് അന്ത്യചുംബനം അർപ്പിക്കുന്ന മകനെയും വിങ്ങിപ്പൊട്ടുന്ന പ്രിയതമനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ദുഃഖത്തിലായിരുന്നു എല്ലാവരും . 41 വയസ്സ് മാത്രം പ്രായമുള്ള തങ്ങളുടെ പ്രിയ മകളുടെ വേർപാടിൽ വിങ്ങിപ്പൊട്ടി കരയുന്ന മാതാപിതാക്കളുടെ അണപൊട്ടിയൊഴുകുന്ന ദുഃഖം ഹൃദയഭേദകമായിരുന്നു.

യുകെയിൽ നിന്ന് നാട്ടിലെത്തുമ്പോൾ എല്ലാവരോടും സൗഹൃദ ഭാവത്തോടെ പെരുമാറുകയും ബന്ധുവീടുകളിൽ ഓടിയെത്തുകയും ചെയ്യുന്ന സിനി ഏവർക്കും വേണ്ടപ്പെട്ടവളായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ പേരാണ് അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാൻ ഓടിയെത്തിയത്. രോഗം പൂർണമായി ഭേദമായി എന്ന ഡോക്ടർമാരുടെ ഉറപ്പിനെ തുടർന്ന് കുറച്ചു മാസങ്ങൾക്കു മുമ്പ് സിനി തന്റെ കുടുംബാംഗങ്ങളെ നാട്ടിലെത്തി സന്ദർശിച്ചിരുന്നു. അതുകൊണ്ടുതന്നെ സിനിയുടെ മരണം ഉൾക്കൊള്ളാനുള്ള ബുദ്ധിമുട്ടിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും .

WhatsApp Image 2024-12-09 at 10.15.48 PM

മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചത് ചെങ്കൽപൂർ രൂപതയുടെ ബിഷപ്പായ അഭിവന്ദ്യ മാർ ജോസഫ് കൊല്ലപറമ്പിൽ പിതാവാണ്. ഒട്ടേറെ വൈദികരും സന്യസ്തരും സിനിയുടെ ഭർത്താവ് ജോബിയെയും ഏക മകൻ ഒൻപത് വയസ്സുകാരനായ ആൽബിനെയും ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ യുകെയിൽ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും എത്തിച്ചേർന്നിരുന്നു.