ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗൾഫ് രാജ്യങ്ങളുമായി സാമ്പത്തിക നയതന്ത്ര ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനുള്ള നടപടികളുമായി യുകെ മുന്നോട്ട് പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ന് സൗദി അറേബ്യ , യുഎഇ എന്നീ രാജ്യങ്ങളിൽ സന്ദർശനം ആരംഭിക്കുകയാണ് . പ്രധാനമന്ത്രി എന്ന നിലയിൽ ഈ മേഖലയിലേയ്ക്കുള്ള തൻ്റെ ആദ്യ സന്ദർശനത്തിൽ, യുകെയിലെ നിക്ഷേപം വർധിപ്പിക്കാനും പ്രതിരോധ, സുരക്ഷാ പങ്കാളിത്തം ആഴത്തിലാക്കാനും അദ്ദേഹം ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഇന്ന് ഞായറാഴ്ച രാത്രി അദ്ദേഹം ഗൾഫിലേക്ക് പോകും. തിങ്കളാഴ്ച യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം സൗദി അറേബ്യയിലേക്ക് പോകുന്ന അദ്ദേഹം അവിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തും. ഇരു രാജ്യങ്ങളുമായി ശക്തമായ സാമ്പത്തിക ബന്ധം അരക്കിട്ട് ഉറപ്പിക്കുന്നതിനൊപ്പം പ്രതിരോധ രംഗത്തും കൂടുതൽ കരാറുകളിൽ എത്തിച്ചേരാൻ യുകെ ലക്ഷ്യം വയ്ക്കുന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യുകെയുടെ ദീർഘകാല വളർച്ചയ്ക്ക് സൗദി അറേബ്യയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.


യുഎഇയും സൗദി അറേബ്യയും യുകെയിലെ പ്രധാന നിക്ഷേപകരാണ്. യുഎഇയുമായുള്ള വ്യാപാരം 23 ബില്യൺ പൗണ്ടും സൗദി അറേബ്യയുമായുള്ള വ്യാപാരം 17 ബില്യൺ പൗണ്ടുമാണ്. 7,000-ലധികം യുകെ ബിസിനസുകൾ സൗദി അറേബ്യയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്‌ . ഇത് രാജ്യത്തുടനീളമുള്ള 90,000 ജോലികളെ ആണ് പിന്തുണയ്ക്കുന്നത് . അതേസമയം 14,000 യുകെ ബിസിനസുകൾ കഴിഞ്ഞ വർഷം യുഎഇയിലേക്ക് സാധനങ്ങൾ അയച്ചു. ബ്രിട്ടനിലെ ഏറ്റവും വലിയ പ്രതിരോധ കയറ്റുമതി വിപണി കൂടിയാണ് സൗദി അറേബ്യ. ബ്രിട്ടീഷ് വ്യവസായത്തിന് പ്രതിവർഷം 3.8 ബില്യൺ പൗണ്ട് ആണ് ഇതുവഴി ലഭിക്കുന്നത് . ഗാസയിൽ ഇസ്രായേൽ-ഹമാസ് വെടിനിർത്തലിൻ്റെ ആവശ്യകത, എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഗാസയിലേക്കുള്ള അടിയന്തര സഹായം ത്വരിതപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയുടെ കൂടി കാഴ്ചയിൽ ചർച്ചകൾക്ക് വിഷയമാകും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ സൗദി അറേബ്യൻ ചർച്ചയിൽ ആ രാജ്യത്തെ ഉയർന്ന വധശിക്ഷാ നിരക്ക് പരാമർശിക്കണമെന്ന ആവശ്യം യുകെയിലെ മനുഷ്യാവകാശ സംഘടനകൾ ഉയർത്തി കാട്ടുന്നുണ്ട്. സൗദി അറേബ്യ 2024-ൽ 300 പേർക്കാണ് വധശിക്ഷ നൽകിയത് . ഇത് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വധശിക്ഷാ നിരക്കാണ്.