സിസ്റ്റർ അഭയ കൊലക്കേസിൽ ചൊവ്വാഴ്ച പ്രത്യേക സി.ബി.ഐ. കോടതി വിധിപറയും. ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു.

1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സി.ബി.ഐ. ആശ്രയിച്ചത്.

മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സി.ബി.ഐ. പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.

എന്നാൽ അടയ്ക്കാ രാജുവിന്റെ മൊഴിക്ക് വിശ്വാസ്യതയില്ലെന്നാണ് പ്രതികളുടെ വാദം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സി.ബി.ഐ എത്തിയത്. മൂന്നു തവണ സി.ബി.ഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു. 2008 നവംബർ 19 ന് ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതുക്കയിൽ എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് വിടുതൽ ഹർജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസിൽ നിന്നു ഒഴിവാക്കി. തെളിവു നശിപ്പിച്ചെന്ന പേരിൽ പ്രതി ചേർന്ന ക്രൈംബ്രാഞ്ച് എസ്.പി, കെ.ടി. മൈക്കിളിനെയും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിചേർക്കാമെന്ന ഉപാധിയോടെ ഹൈക്കോടതി ഒഴിവാക്കി. 49 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ സിബിഐയെ കൊണ്ടു വരുന്നതു മുതൽ ഇന്നത്തെ വിധി വരെ പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നിഴലായി കേസിനൊപ്പം നിന്നു. രാജ്യം ഉറ്റുനോക്കുന്ന വിധിയെത്തുമ്പോൾ കേൾക്കാനായി കേസു മുന്നോട്ടു പോകാൻ പോരാടിയ അഭയയുടെ അച്ഛനും അമ്മയുo ജീവിച്ചിരിപ്പില്ല. 2016 ൽ തോമസും ലീലാമ്മയും മരണമടഞ്ഞു.