ഇന്‍ഡോര്‍: ഇന്‍ഡോറിന് സമീപം ഉദയ്‌നഗറില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മാര്‍ച്ച് 23ന് വത്തിക്കാന്‍ അംഗീകരിച്ച നടപടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുന്നത്. ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനും സമീപമുള്ള സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു ചടങ്ങുകള്‍.
നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാനിലെ സംഘത്തില്‍ അംഗമായ കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള ദിവ്യബലിക്കിടെയാണ് പ്രഖ്യാപനം നടന്നത്. സിസ്റ്റര്‍ രാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന ലാറ്റിന്‍ ഭാഷയില്‍ കര്‍ദിനാള്‍ മാര്‍ അമാത്തോയും ഇംഗ്ലീഷില് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും വായിച്ചു.
റാഞ്ചി ആര്‍ച്ച് ബിഷപ്പ് ഡോ.ടെലസ്‌ഫോര്‍ ടോപ്പോ ഇത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തു. പിന്നീട് വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയുമായി അള്‍ത്താരയിലേക്ക് പ്രദക്ഷിണം നടന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ അംഗമായിരുന്ന സിസ്റ്റര്‍ റാണി മരിയ 1995 ഫെബ്രുവരി 25നാണ് വാടകക്കൊലയാളിയാല്‍ കൊല്ലപ്പെടുന്നത്. സത്‌ന, ബിജ്‌നോര്‍, ഇന്‍ഡോര്‍ രൂപതളില്‍ അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Leave a Reply