ലണ്ടന്‍: സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ മാതൃകയില്‍ വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആറു പേര്‍ക്ക് ജയില്‍ ശിക്ഷ. പൊതുജനങ്ങളില്‍ നിന്ന് 37 മില്യന്‍ പൗണ്ട് തട്ടിയെടുത്ത ഈ സംഭവം യുകെയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. സര്‍ക്കാര്‍ സൈറ്റുകളുടെ വ്യാജ പതിപ്പുകള്‍ നിര്‍മിച്ച് പാസ്‌പോര്‍ട്ടുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയ്ക്കായി വന്‍തുകയാണ് സംഘം തട്ടിയെടുത്തത്. നാഷണല്‍ ട്രേഡിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സിന്റെ ഇക്രൈം സംഘം നടത്തിയ ഏറ്റവും വലിയ അന്വേഷണമാണ് ഈ കേസില്‍ ഉണ്ടായത്.

2017 ജൂലെയിലും ഈയാഴ്ചയില്‍ അവസാനിച്ചതുമായ രണ്ട് വിചാരണകളാണ് കേസില്‍ ഉണ്ടായത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പീറ്റര്‍ ഹാള്‍, ക്ലെയര്‍ ഹാള്‍, സയിദ് ബിലാല്‍ സൈദി, കോളെറ്റ് ഫെറോ, ലിയാം ഹിങ്ക്‌സ്, കെറി മില്‍ എന്നിവര്‍ക്ക് വിവിധ കാലയളവുകളിലുള്ള ശിക്ഷകളാണ് നല്‍കിയിരിക്കുന്നത്. 2011 ജനുവരിക്കും 2014 നവംബറിനുമിടയില്‍ റ്റാഡ്‌സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെ വ്യാജ സൈറ്റുകള്‍ നിര്‍മിച്ചതിനേക്കുറിച്ചായിരുന്നു കഴിഞ്ഞ ജൂലൈയിലെ വിചാരണയില്‍ കോടതി കേട്ടത്.

11 സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ഏജന്‍സികളുടെയും വ്യാജ സൈറ്റുകള്‍ ഇവര്‍ നിര്‍മിച്ചു. പാസ്‌പോര്‍ട്ട് മാറ്റുന്നതിനും വിസയ്ക്കും ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമായി ഓണ്‍ലൈനില്‍ തിരഞ്ഞവര്‍ ഈ വ്യാജ സൈറ്റുകളില്‍ എത്തുകയും അവരില്‍ നിന്ന് കൂടുതല്‍ പണം ഇവര്‍ ഈടാക്കുകയും ചെയ്തു. അമേരിക്കന്‍, കംബോഡിയന്‍, ശ്രീലങ്കന്‍, തുര്‍ക്കി, വിയറ്റ്‌നാമീസ് വിസകള്‍ക്കായുള്ള സൈറ്റുകളുടെ വ്യാജ പതിപ്പുകളും ഇവര്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്.