ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവർത്തി ദിനങ്ങൾ ആക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും, കോവിഡ് കാലം ഈ ചർച്ചകൾ വേഗത്തിലാക്കി. ഇതോടെയാണ് ആഴ്ചയിൽ നാല് ദിവസങ്ങൾ മാത്രം പ്രവർത്തിദിനങ്ങൾ ആക്കി മാറ്റാനുള്ള തീരുമാനം പരീക്ഷണാർഥത്തിൽ ആറുമാസത്തേക്ക് നടപ്പിലാക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മുപ്പതോളം കമ്പനികളാണ് ഇത്തരത്തിൽ പരീക്ഷണാർത്ഥം ഈ തീരുമാനം നടപ്പിലാക്കുന്നത്. അഞ്ചു ദിവസം പ്രവർത്തി ദിനങ്ങൾ ഉള്ളപ്പോൾ ലഭിക്കുന്ന അതേ ശമ്പളം തന്നെ ഇപ്പോഴും ലഭിക്കും. 80 ശതമാനം സമയത്തിൽ ജീവനക്കാർക്ക് തങ്ങളുടെ 100 ശതമാനം പ്രവർത്തിക്കുവാൻ സാധിക്കുമോ എന്നത് സംബന്ധിച്ച പഠനങ്ങൾ നടത്താൻ ആണ് ഇത്തരത്തിൽ പരീക്ഷണാർത്ഥം ഇത് നടപ്പിലാക്കുന്നത്. ഫോർ ഡേ വീക്ക് ക്യാമ്പയിൻ,തിങ്ക് ടാങ്ക് ഓട്ടോണമി എന്നിവയോടൊപ്പം ബോസ്റ്റൺ കോളേജ്, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
യു എസ്, അയർലണ്ട്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളും പരീക്ഷണാർഥത്തിൽ ഇത് നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൂടുതൽ കമ്പനികളും ഇപ്പോൾ ജീവനക്കാരുടെ കാര്യക്ഷമതയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് ഫോർ ഡേ വീക്ക് ഗ്ലോബൽ പൈലറ്റ് പ്രോഗ്രാം മാനേജർ ജോ ഒകോണർ വ്യക്തമാക്കി. നിരവധിപേർ ഈ പരീക്ഷണത്തോട് ഇപ്പോൾ തന്നെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ എത്രനേരം ജോലി ചെയ്യുന്നതിനെക്കാൾ ഉപരിയായി, എത്രത്തോളം കാര്യക്ഷമമായ രീതിയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഈ പദ്ധതിയിലൂടെ നിരീക്ഷിക്കാൻ സാധിക്കും.
Leave a Reply