ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ആറ് പ്രാദേശിക വിമാനത്താവളങ്ങളിൽ 100 മില്ലി ലിറ്ററിൽ കൂടുതലുള്ള ദ്രാവകങ്ങൾ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങൾ താത്കാലികമായി പുനഃസ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. നാളെ ഞായറാഴ്ച അർദ്ധരാത്രി മുതൽ ഈ മാറ്റം നിലവിൽ വരും. ലണ്ടൻ സിറ്റി, അബർഡീൻ, ന്യൂകാസിൽ, ലീഡ്‌സ് ബ്രാഡ്‌ഫോർഡ്, സൗത്ത്ഹെൻഡ്, ടീസ്‌സൈഡ് വിമാനത്താവളങ്ങളിൽ ആണ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.
പ്രാദേശിക എയർപോർട്ടുകളിലെ ചെക്കിംഗ് സംവിധാനങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തൽ നടത്തുന്നതിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താത്കാലികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുറച്ചു യാത്രക്കാരെ മാത്രമേ ബാധിക്കുകയുള്ളൂ എന്നാണ് അറിയാൻ സാധിച്ചത്.
വിമാനയാത്രക്കാർ യാത്ര പുറപ്പെടുന്നതിനു മുൻപ് വിമാനത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കണമെന്ന അറിയിപ്പ് നൽകിയിട്ടുണ്ട്. ലണ്ടനിൽ നിന്ന് യുഎസിലേക്ക് പറക്കുന്ന വിമാനങ്ങളിൽ ദ്രാവക ബോംബുകൾ ഉപയോഗിച്ച് തകർക്കാനുള്ള തീവ്രവാദ ഗൂഢാലോചന പരാജയപ്പെട്ടതിന് ശേഷമാണ് 2006 ൽ 100 മില്ലി നിയമം നിലവിൽ വന്നത്.
Leave a Reply