സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ട് ആറ് ആഴ്ചകൾ ആകുന്നു. രാജ്യം മുഴുവനും അടച്ചുപൂട്ടിയിരിക്കുമ്പോൾ അത് ജനജീവിതത്തെയും ബാധിക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ച നിയന്ത്രണങ്ങൾ ഈ ആഴ്ച സർക്കാർ അവലോകനം ചെയ്യും. ലോക്ക്ഡൗൺ കാലത്ത് ജനജീവിതം എത്രത്തോളം രൂപാന്തരപ്പെട്ടു?

1.നിരത്തിലെ കാറുകളുടെ എണ്ണത്തിൽ നേരിയ വർധനവ്.
മറ്റു പൊതുഗതാഗതങ്ങൾ താറുമാറായപ്പോൾ ആളുകൾ കൂടുതലായി തങ്ങളുടെ കാറിൽ യാത്രചെയ്യുന്ന സ്ഥിതി ഉടലെടുത്തു. ഒപ്പം ലോക്ക്ഡൗൺ ആയതിനാൽ പലരും റോഡ് റേസ്ട്രാക്കായി കാണുന്നുവെന്നും ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. ഗൂഗിൾ ഡാറ്റ അനുസരിച്ച് , സൂപ്പർമാർക്കറ്റുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കുമുള്ള യാത്രകൾ വർഷത്തിന്റെ തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചകളിൽ പാർക്കുകളിലേക്കുള്ള സന്ദർശനങ്ങൾ 50 ശതമാനത്തിലധികം താഴ്ന്ന ശേഷം സാധാരണനിലയിലേക്ക് മടങ്ങിയെത്തി. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ കുറച്ചധികം ആളുകൾ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് കാറിൽ യാത്ര ചെയ്യുന്നു.

 

2. രാജ്യത്ത് രോഗവ്യാപനം കുറയുന്നു.
ബ്രിട്ടനിൽ രോഗം അതിന്റെ ഉയർന്ന നില പിന്നിട്ടുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. രോഗവ്യാപനത്തിനുള്ള സാധ്യത ഇപ്പോൾ കുറഞ്ഞുവരുന്നു. എന്നിരുന്നാലും രണ്ടാം ഘട്ട വ്യാപനം ഉണ്ടാകരുതെന്ന് ജോൺസൻ മുന്നറിയിപ്പ് നൽകുന്നു.

3. ആരോഗ്യ സേവനങ്ങൾ ഡിജിറ്റലായി.
ആളുകൾ ആരോഗ്യ സേവനം ഉപയോഗിക്കുന്ന രീതി മാറുകയാണ്. 2020 ഫെബ്രുവരി വരെ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് എടുക്കുന്നത് 14% മാത്രമാണ് ഫോണിലൂടെയോ വീഡിയോ ലിങ്കിലൂടെയോ നടത്തിയത്. എന്നാൽ ഇപ്പോൾ അതെല്ലാം മാറ്റപ്പെട്ടിരിക്കുന്നു. ഫോൺ അപ്പോയിന്റ്‌മെന്റുകളിൽ മിക്ക ആളുകളും സന്തുഷ്ടരാണെന്ന് റോയൽ കോളേജ് ഓഫ് ജിപിഎസ് പറഞ്ഞു. അതേസമയം, എ & ഇയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയുകയും 111 ലേക്ക് വിളിച്ചവരുടെ എണ്ണം വർധിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

4.ഫർലോ സ്കീമിലേക്ക് ദശലക്ഷകണക്കിന് ആളുകൾ.
കോവിഡ് നിയന്ത്രണങ്ങൾക്ക് കീഴിൽ ജോലി ചെയ്യാൻ പാടുപെടുന്ന ബിസിനസ്സ് സ്റ്റാഫുകൾക്ക് ശമ്പളത്തിന്റെ 80% വരെ നൽകുന്ന പദ്ധതിയെകുറിച്ച് ആരും ആദ്യം അറിഞ്ഞിരുന്നില്ല. എന്നാൽ ഏപ്രിൽ 20 വരെ ഏകദേശം 185,000 കമ്പനികൾ ഈ പദ്ധതിക്കായി അപേക്ഷിച്ചു. ഇതിൽ 1.3 ദശലക്ഷം തൊഴിലാളികൾ ഉൾകൊള്ളുന്നു. ഇതിനായി ട്രഷറിക്ക് 1.5 ബില്യൺ പൗണ്ട് ചിലവ് വരും. ബെനിഫിറ്റ് സിസ്റ്റത്തിൽ ഇപ്പോഴും സമ്മർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും, ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചയിൽ ക്ലെയിമുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ഇപ്പോൾ കുറയാൻ തുടങ്ങിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

5. സാധാരണ ജീവിതം ദൂരെയോ?
സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ചുരുങ്ങിയത് 4 മാസമെങ്കിലും വേണ്ടി വരുമെന്ന് 60% ആളുകളും കരുതുന്നു. ബാക്കി 40% ആളുകൾ പറയുന്നത് സാധാരണ ജീവിതം തിരിച്ചുപിടിക്കാൻ ആറ് മാസത്തോളം വേണ്ടിവരുമെന്നാണ്. ലോക്ക്ഡൗൺ ആളുകളുടെ ജീവിത രീതിയെ സാരമായി ബാധിക്കുന്നു. പത്തിൽ നാലുപേർ ലോക്ക്ഡൗൺ അവരുടെ യാത്രാ പദ്ധതികളെയും ക്ഷേമത്തെയും ബാധിച്ചുവെന്ന് പറയുന്നു. അഞ്ചിൽ ഒരാൾ ഇത് അവരുടെ ബന്ധങ്ങളെ ബാധിച്ചുവെന്നും പറഞ്ഞു.

6.ശീതീകരിച്ച ഭക്ഷണത്തിനും മദ്യത്തിനും ആവശ്യക്കാർ ഏറെ.
ലോക്ക്ഡൗണിൽ ഒരു മാസത്തിനുശേഷം പലരും ബേക്കിംഗിലേക്കും മദ്യപാനത്തിലേക്കും തിരിയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 25 വരെയുള്ള ആഴ്ചയിൽ ഏറ്റവും വലിയ വളർച്ച കാണുന്ന 10 ഉൽ‌പ്പന്നങ്ങളിൽ പകുതിയും ഹോം ബേക്കിംഗുമായി ബന്ധപ്പെട്ടതാണ്. മദ്യത്തിന്റെ മൊത്തത്തിലുള്ള വിൽപ്പന മൂന്നിലൊന്നായി ഉയർന്നു. പലരും ക്ഷാമം ഭയന്ന് ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടി വെക്കുന്ന പ്രവണതയും കണ്ടു.

7.അന്തരീക്ഷ മലിനീകരണം കുറഞ്ഞു.
രാജ്യം പൂട്ടിയിട്ടിട്ട് ആഴ്ചകൾക്കുള്ളിൽ യുകെയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. നൈട്രജൻ ഡൈ ഓക്സൈഡിന്റെ (NO2) അളവ് യുകെയിലുടനീളം കുറഞ്ഞു. വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞതുമൂലം വായുവും മലിനമാകാതെ ഇരിക്കുന്നു.

8.കുറ്റകൃത്യങ്ങൾ കുറഞ്ഞുവെങ്കിലും സാമൂഹിക വിരുദ്ധ സ്വഭാവം ഉയർന്നിരിക്കുന്നു
ഇംഗ്ലണ്ടിലും വെയിൽസിലും കുറ്റകൃത്യങ്ങൾ ഏപ്രിൽ 12 വരെയുള്ള നാല് ആഴ്ചകളിൽ 28% കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീടുകയറിയുള്ള മോഷണം മൂന്നിലൊന്നായി കുറഞ്ഞു. എന്നിരുന്നാലും, സാമൂഹിക വിരുദ്ധ പെരുമാറ്റ സംഭവങ്ങൾ 59% ഉയർന്നു. ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 3,200 ലധികം പേർക്ക് ഇംഗ്ലണ്ടിൽ പിഴ ഈടാക്കിയിട്ടുണ്ടെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ അറിയിച്ചു. ഗാർഹിക കുറ്റകൃത്യങ്ങളും ഏറുന്നുണ്ട്. ഇപ്പോൾ ഓരോ ആഴ്ചയും സഹായത്തിനായി നൂറുകണക്കിന് അധിക കോളുകൾ വരുന്നതായി അധികൃതർ അറിയിച്ചു.