ന്യൂസ് ഡെസ്ക് മലയാളം യുകെ
അത്ഭുതകരമായി ഹൃദ്രോഗിയായ അമ്മയെ രക്ഷപ്പെടുത്തി ആറു വയസ്സുകാരി. സ്മാർട്ട് സ്പീക്കറിൻെറ സഹായത്തോടെയാണ് ഈ കൊച്ച് മിടുക്കി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അമ്മയെ രക്ഷപ്പെടുത്തിയത്. ഗ്ലാസ്‌ഗോയിലെ റോബ്രോസ്റ്റണിൽ നിന്നുള്ള എമ്മ ആൻഡേഴ്സണിന് 15 വയസ്സിൽ തന്നെ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി ഉള്ളതായി കണ്ടെത്തിയിരുന്നു. ഇവരുടെ മകൾ ഡാർസിക്ക് അമ്മയുടെ അവസ്ഥയെ പറ്റി അറിയുകയും ചെയ്യാം.

തൻെറ 27 കാരിയായ അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോൾ രണ്ടു തവണയാണ് ഈ കൊച്ചു മിടുക്കി അലക്‌സ ഉപയോഗിച്ച് ബന്ധുക്കളെ വിളിച്ചത്. എന്തെങ്കിലും ആവശ്യ ഘട്ടത്തിൽ ബന്ധുക്കളുമായി ബന്ധപ്പെടുന്ന രീതിയിൽ എമ്മ അലക്‌സ സജ്ജീകരിച്ചതും ഏറെ സഹായകമായി. അതിനാൽ തന്നെ എമ്മ ബോധരഹിതയാകുകയോ അസുഖം അനുഭവപ്പെടുകയോ ചെയ്താൽ കുട്ടിക്ക് “അലക്‌സാ കോൾ ഹെൽപ്” എന്ന് പറഞ്ഞാൽ മാത്രം മതി.

ഹൃദയത്തിന് ചുറ്റുമുള്ള പേശികൾ കട്ടിയുള്ളതായി മാറുന്ന രോഗാവസ്ഥയാണ് തനിക്കെന്ന് എമ്മ ആൻഡേഴ്ൺ പറയുന്നു. മരുന്ന് കഴിച്ച് ഇത് ഒരുപരിധി വരെ നിയന്ത്രിക്കാമെങ്കിലും എമ്മയ്ക്ക് അടിയന്തിരമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായിരുന്നു. അതിനാൽ 2022 ഏപ്രിലിൽ ക്ലൈഡ്ബാങ്കിലെ എൻഎച്ച്എസ് ഗോൾഡൻ ജൂബിലി ഹോസ്പിറ്റലിൽ എമ്മ ട്രാൻസ്പ്ലാൻറ് സർജറി നടത്തി. ബ്രിട്ടീഷ് ജേണൽ ഓഫ് കാർഡിയോളജി പ്രകാരം ഏകദേശം 28,000 സ്കോട്ടീഷുകാർക്ക് പാരമ്പര്യമായ ഹൃദയസംബന്ധമായ അസുഖമുണ്ട്. ഇതിൽ ഏറ്റവും കൂടുതലായി കാണുന്നത് ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതിയാണ്.
	
		

      
      



              
              
              




            
Leave a Reply