ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ട്രാൻസ് ജെൻഡർ ചിന്താഗതികളെ വിമർശിച്ചു എന്ന ആരോപണത്തിൽ 18 വയസ്സുകാരി പെൺകുട്ടിയെ സ്കൂളിൽ നിന്നും അതിക്രൂരമായ രീതിയിൽ പുറത്താക്കിയതായി പരാതി . സ്കൂളിൽ പ്രഭാഷണത്തിന് എത്തിയ ഒരു പ്രഭാഷകയുടെ വാക്കുകളെ കുറ്റപ്പെടുത്തിയതിനാണ് തന്നെ ഇത്തരത്തിൽ അപമാനിച്ചതെന്ന് പെൺകുട്ടി കുറ്റപ്പെടുത്തുന്നു. എന്നാൽ പ്രഭാഷകയുമായി വളരെ സൗമ്യമായ രീതിയിൽ പിരിഞ്ഞ പെൺകുട്ടിക്ക് സ്കൂളിൽ എത്തിയപ്പോൾ ദുരനുഭവം ആണ് നേരിടേണ്ടതായി വന്നത്. അറുപതോളം പെൺകുട്ടികൾ തനിക്ക് ചുറ്റും കൂടി നിന്ന് തനിക്ക് നേരെ നിലവിളിക്കുകയും തന്റെ മേൽ തുപ്പുകയും മറ്റും ചെയ്തതായി പെൺകുട്ടി വ്യക്തമാക്കുന്നു. അവസാനം ശ്വാസം എടുക്കാൻ പോലും സാധിക്കാതെ താൻ ബോധരഹിതയായെന്നും പെൺകുട്ടി പറഞ്ഞു. താൻ പറഞ്ഞ വാക്കുകളുടെ അർത്ഥത്തിലല്ല മറ്റുള്ളവർ അത് കൈക്കൊണ്ടതെന്ന് പെൺകുട്ടി ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ജീവശാസ്ത്രപരമായ പ്രക്രിയകളെക്കാൾ കൂടുതൽ , എഴുതപ്പെട്ട തിയറികളാണ് ഇപ്പോൾ സ്ത്രീകളെ നിർവചിക്കുന്നത് എന്നാണ് താൻ പറയാൻ ഉദ്ദേശിച്ചത് എന്നും പെൺകുട്ടി വ്യക്തമാക്കി.

ഒരിക്കലും ട്രാന്സ്ജെന്ഡേഴ്സിനെ അപമാനിക്കുന്ന തരത്തിൽ യാതൊരുവിധ വാക്കുകളും താൻ പറഞ്ഞിട്ടില്ലെന്നും പെൺകുട്ടി വ്യക്തമാക്കി. തുടക്കത്തിൽ അദ്ധ്യാപകർ പെൺകുട്ടിയെ പിന്താങ്ങിയെങ്കിലും പിന്നീട് കുട്ടികളുടെ പ്രതികരണം അറിഞ്ഞപ്പോൾ അവരും കൈയൊഴിഞ്ഞതായി പെൺകുട്ടി വ്യക്തമാക്കി. പിന്നീട് പലതവണ സ്കൂളിൽ എത്തിയെങ്കിലും ദുരനുഭവങ്ങൾ ആണ് തനിക്ക് ഉണ്ടായതെന്നും അതിനാൽ തന്നെ പിന്നീട് സ്കൂൾ താൻ ഉപേക്ഷിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.