ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോക വ്യാപകമായി നടന്ന മൈക്രോസോഫ്‌റ്റിൻെറ തകരാറിൽ വലഞ്ഞ് യുകെയിലെ ആരോഗ്യ സംരക്ഷണം, ഗതാഗതം, ബാങ്കിംഗ് എന്നിവയുൾപ്പെടെ മേഖലകൾ. റെക്കോർഡ് സംവിധാനങ്ങളും ഓൺലൈൻ ബുക്കിംഗുകളും ആക്സസ് ചെയ്യുന്നതിൽ ജിപിമാർ ബുദ്ധിമുട്ട് നേരിട്ടു. അതേസമയം കുറിപ്പടികൾ എടുക്കാൻ പറ്റാത്തത് ഫാർമസി സേവനങ്ങളെ ബാധിച്ചു. ഐടി മേഖലയിൽ വന്ന തകരാർ മൂലം വിമാനത്തവളങ്ങളിലും ബുദ്ധിമുട്ട് നേരിട്ടു. പലസ്ഥലങ്ങളിലും യാത്രക്കാർക്ക് പേന കൊണ്ടെഴുതിയ ബോർഡിങ് പാസ് നൽകുക ഉണ്ടായി. മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്​സ്ട്രൈക്ക് അപ്‌ഡേറ്റിലെ തകരാറാണ് പ്രശ്‌നത്തിൻെറ കാരണമെന്ന് കമ്പനി വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ ബ്രിട്ടനിലെ പ്രമുഖ വാർത്താ ചാനലായ സ്കൈ ന്യൂസ് തങ്ങൾക്ക് സംപ്രേഷണം ചെയ്യാൻ കഴിയുന്നില്ല എന്ന് അറിയിച്ചിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സേവനങ്ങൾക്കും തടസ്സം നേരിട്ടിരുന്നു. ഉടൻ തന്നെ പ്രശ്‌നം കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിച്ചെന്ന് ക്രൗഡ്‌സ്‌ട്രൈക്കിൻ്റെ സിഇഒ ജോർജ്ജ് കുർട്‌സ് പറഞ്ഞു. ലോക വ്യാപകമായി നടന്ന തകരാർ സുരക്ഷാ ഭീഷണി ഒരുക്കുന്ന ഒന്നല്ലെന്ന് ക്യാബിനറ്റ് ഓഫീസ് മന്ത്രി പാറ്റ് മക്ഫാഡൻ സ്ഥിരീകരിച്ചു. അപ്‌ഡേറ്റിലെ സോഫ്റ്റ്‌വെയർ പിശകാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ജനങ്ങൾ നേരിട്ട പ്രശ്‌നങ്ങൾ താൻ മനസിലാക്കുന്നുവെന്നും പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗ്, പേഷ്യൻ്റ് കൺസൾട്ടേഷനുകൾ, ഫാർമസികളിലേക്ക് കുറിപ്പടികൾ അയക്കുന്നത് ഉൾപ്പെടെയുള്ള റെക്കോർഡ് മാനേജ്മെൻ്റ് എന്നിവയ്ക്കായി നിരവധി ജിപിമാർ ഉപയോഗിക്കുന്ന EMIS സിസ്റ്റത്തിൽ ആഗോള തകർച്ച എൻഎച്ച്എസ് അംഗീകരിച്ചു. പിന്നാലെ അടിയന്തിര കാര്യങ്ങൾക്ക് മാത്രം ജിപിമാരുമായി ബന്ധപ്പെടണമെന്ന് എൻഎച്ച്എസിൻെറ വക്താവ് അറിയിച്ചു. ചില ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് സംവിധാനങ്ങളെ ബാധിച്ചെങ്കിലും മിക്ക ആശുപത്രികളിലും വലിയ തടസങ്ങൾ ഇല്ലാതെ രോഗികൾക്ക് വേണ്ട പരിചരണം നൽകാൻ അധികൃതർക്ക് സാധിച്ചു.