സുജു ജോസഫ്
സാലിസ്ബറി: സാലിസ്ബറിയിൽ ക്രിക്കറ്റ് ആവേശത്തിന്റെ കൊട്ടിക്കലാശത്തിനായി ഇനി മണിക്കൂറുകൾ മാത്രം. സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള രണ്ടാമത് T12 ക്രിക്കറ്റ് ടൂർണ്ണമെന്റ് ജൂൺ രണ്ടിന് നടക്കും. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ടൂർണ്ണമെന്റ് യുകെ ദേശീയ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്‌ഘാടനം നിർവ്വഹിക്കും. തീപാറുന്ന മത്സരങ്ങൾക്ക് വേദിയാകുന്ന ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിലെ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
യുകെയിലെ കരുത്തരായ എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് അറുന്നൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രെജിസ്ട്രേഷൻ പൂർത്തിയാക്കി മത്സരരംഗത്തുള്ളത്. പൂൾ എ യിൽ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്), ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലെബ് ന്യൂ പോർട്ട്, ഗ്ലോബൽ സ്റ്റഡി ലിങ്ക് ഗ്ലോസ്റ്റെർഷെയർ, അമിഗോസ് ക്രിക്കറ്റ് ക്ലെബ്ബ് എന്നിവയും പൂൾ ബി യിൽ കേരള ക്രിക്കറ്റ് ക്ലെബ്ബ് പോർട്സ്‌മൗത്ത്, കൊമ്പൻസ്, എസ് എം സി ക്രിക്കറ്റ് ക്ലെബ്, ചീയേഴ്സ് ക്രിക്കറ്റ് നോട്ടിംഗ്ഹാം തുടങ്ങിയവരുമാണ് മത്സരിക്കുക.
തുടർച്ചയായി രണ്ടാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് ഡിവൈസിസിലെ വിശാലമായ ഡിവൈസസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാകും നടക്കുക. പന്ത്രണ്ട് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ ഒൻപത് മണിയോടെ തന്നെ ആരംഭിക്കും. ലോയൽറ്റി ഫിനാൻഷ്യൽ സർവീസസ്, ഏബിൾഡെയ്ൽ കെയർ തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്‌പോൺസർമാർ. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാൾ സംഘാടകർ ഒരുക്കുന്നുണ്ട്. നിരവധിപേർ മത്സരങ്ങൾ വീക്ഷിക്കാനെത്തുന്ന ക്രിക്കറ്റ് ക്ലെബ്ബിൽ വിശാലമായ സൗജന്യ കാർ പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രസിഡന്റ് ഷിബു ജോൺ, സെക്രട്ടറി ഡിനു ഓലിക്കൽ, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ് കോർഡിനേറ്റർ ജോൺ പോൾ, എസ് എം എ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ അരുൺ കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ സ്വന്തം ടീമായ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്) ഇക്കുറിയും ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കും. സുമിത്, എംപി പദ്മരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്മാക് കളത്തിലിറങ്ങുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എസ് എം എം മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
Leave a Reply