ന്യൂസ് ഡെസ്ക് മലയാളം യുകെ
വെയിൽസ് :- കുട്ടികളെ അടിക്കുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ് വെയിൽസ്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലേയ്ക്കുള്ള ഏറ്റവും ഉറച്ച ചുവടുവെപ്പായാണ് മനുഷ്യാവകാശപ്രവർത്തകർ ഈ തീരുമാനത്തെ വിലയിരുത്തിയത്. ഈ നിയമ പ്രകാരം കുട്ടികളെ ഏതൊരു തരത്തിലുള്ള ശിക്ഷ ഏൽപ്പിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കപ്പെടും . കുട്ടികൾക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്ന് വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രയ്ക്ഫോർഡ് വിലയിരുത്തി. സ്കോട്ട്‌ലൻഡിൽ 2020 നവംബറിൽ തന്നെ കുട്ടികളെ ശിക്ഷിക്കുന്നത് കുറ്റകൃത്യമാക്കുന്ന നിയമം കൊണ്ടുവന്നിരുന്നു.
കുട്ടികൾക്കു നേരെയുള്ള ഏത് ശാരീരിക അതിക്രമവും തടയാനാണ് ഈ നിയമം എന്ന് അധികൃതർ വ്യക്തമാക്കി. മാതാപിതാക്കൾക്കും കുട്ടികളെ സംരക്ഷിക്കുന്നവർക്കും ഒരുപോലെ ഈ നിയമം ബാധകമാകും. മുൻപ് തന്നെ വെയിൽസിൽ കുട്ടികളെ ഉപദ്രവിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും, ഇത് ഒരു കുറ്റകൃത്യമാണെന്ന് പുതിയ നിയമം കൃത്യമായി വിലയിരുത്തുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ വിവിധ രാജ്യങ്ങളിലായി നടത്തിയ പഠനങ്ങളിൽ 250 മില്യൺ കുട്ടികളോളം ഇത്തരത്തിൽ അതിക്രമങ്ങൾക്കിരയാകുന്നുണ്ടെന്ന് കണ്ടെത്തി. കുട്ടികളെ ശിക്ഷിക്കുന്നത് നന്മയെക്കാൾ ഉപരി ദോഷമാണ് ഉണ്ടാക്കുന്നതെന്നാണ് എല്ലാവരും ഒരുപോലെ വിലയിരുത്തുന്നത്. വെയിൽസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇതെന്ന് വിവിധ മന്ത്രിമാർ വിലയിരുത്തി.
Leave a Reply