സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉല്‍പ്പന്നങ്ങളുടെ വിലവിവരങ്ങള്‍ രേഖപ്പെടുത്തുന്ന നിലവിലുള്ള രീതികള്‍ പൊളിച്ചടുക്കി പുതിയ സാങ്കേതികവിദ്യ വരുന്നു. സ്മാര്‍ട്ട് ക്ലിംഗ് ഫിലിമുകളാണ് ഈ മേഖലയിലെ പുതിയ താരോദയം. ഇവ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലേക്ക് ഉല്‍പ്പന്നങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. ബ്രിട്ടീഷ് സെമികണ്ടക്ടര്‍, സോഫ്റ്റ് വെയര്‍ കമ്പനിയായ ആം, കേംബ്രിഡിജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാഗ്മാറ്റിക് എന്ന കമ്പനിയുമായി ചേര്‍ന്ന് ഇതിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. സൂപ്പര്‍ ഫ്‌ളെക്‌സിബിള്‍ പ്ലാസ്റ്റിക്കില്‍ പ്രിന്റ് ചെയ്യാനാകുന്ന കനം കുറഞ്ഞ ഇല്‌ക്ട്രോണിക്‌സ് വികസിപ്പിച്ചെടുക്കാനാണ് പദ്ധതി.
പത്തു വര്‍ഷത്തിനുള്ളില്‍ ഏതു തരം ഉപരിതലത്തിലും പതിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഇലക്ട്രോണിക്‌സ് വികസിപ്പിച്ചെടുക്കാനാകുമെന്ന് ആം ചീഫ് ടെക്‌നോളജി ഓഫീസര്‍ മൈക്ക് മുള്ളര്‍ പറഞ്ഞു. സ്മാര്‍ട്ട് റാപ്പുകള്‍ ഉല്‍പ്പന്നങ്ങളുടെ വില വിവരം മാത്രമല്ല നല്‍കുന്നത്. നിര്‍മിച്ച സ്ഥലം, നിര്‍മാണത്തിനു ശേഷം എത്ര ദിവസമായി തുടങ്ങി അതിനേക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഇത് ഉപഭോക്താവിന് നല്‍കും. പ്ലാസ്റ്റിക് ക്ലിംഗ് ഫിലിമുകളില്‍ ട്രാന്‍സിസ്റ്ററുകള്‍ എങ്ങനെ പ്രിന്റ് ചെയ്യാനാകുമെന്ന ഗവേഷണത്തിലാണ് തങ്ങളെന്ന് മുള്ളര്‍ വ്യക്തമാക്കി.
അറുപതുകളിലും എഴുപതുകളിലും ട്രാന്‍സിസ്റ്ററുകളുടെ വലിപ്പം വളരെ കൂടുതലായിരുന്നു. അതേ രീതിയാണ് ഇപ്പോഴും പിന്തുടര്‍ന്നു വരുന്നത്. എന്നാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇവയെ ഏത് പ്രതലത്തിലും സ്ഥാപിക്കാന്‍ കഴിയുന്ന വിധത്തിലാക്കി മാറ്റാന്‍ കഴിയും. കമ്പ്യൂട്ടിംഗ് പോലും എവിടെയും സാധ്യമാക്കുന്ന വിധത്തിലേക്ക് സാങ്കേതികവിദ്യ വളരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ഗവേഷണം വിജയിച്ചാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തുന്നവര്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ ഫോണില്‍ തേടാനാകും. ഉല്‍പ്പന്നങ്ങള്‍ ഫോണുകളുമായി ആശയവിനിമയം നടത്തി വിവരങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply