ഷിബു മാത്യൂ
[ot-video][/ot-video]

ലണ്ടണ്‍. ലോക ശ്രദ്ധയാകര്‍ഷിച്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16 ശനിയാഴ്ച്ച ലിവര്‍പൂളില്‍ നടക്കും. പ്രസ്റ്റണ്‍ റീജിയണ്‍ ആതിധേയത്വം വഹിക്കുന്ന ബൈബിള്‍ കലോത്സവം ലിവര്‍പൂളിലെ ഡെ ലാ സാല്‍ അക്കാഡമിയിലാണ് അരങ്ങേറുക. ഗ്ലാസ്‌ഗോ, പ്രസ്റ്റണ്‍, മാഞ്ചെസ്റ്റര്‍, കവന്‍ട്രി, ബ്രിസ്സ്‌റ്റോള്‍ കാര്‍ഡിഫ്, സൗത്താംടണ്‍, ലണ്ടന്‍, കേംബ്രിഡ്ജ് തുടങ്ങിയ എട്ടു റീജിയണില്‍ നിന്നുമായി ആയിരത്തി ഇരുന്നൂറോളം മത്സരാര്‍ത്ഥികളാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാനെത്തുന്നത്. ഇരുപത്തി രണ്ടോളം ഇനങ്ങളിലായി അറുനൂറില്‍പ്പരം പേര്‍ പങ്കെടുക്കുന്ന വ്യക്തിഗത മത്സരങ്ങളും, ഗ്രൂപ്പിനങ്ങളിലായി തൊണ്ണൂറോളം ടീമുകളും പങ്കെടുക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും കൂടിച്ചേരുമ്പോള്‍ സീറോ മലബാര്‍ സഭയുടെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവത്തിനാണ് ബ്രിട്ടണിലെ ലിവര്‍പൂള്‍ സാക്ഷിയാകുന്നത്.

ഫാ. പോള്‍ വെട്ടിക്കാട്ട്

നവംബര്‍ പതിനാറ് ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒമ്പത് മണിക്ക് കലോത്സവത്തിന്റെ ആദ്ധ്യാത്മികത വിളിച്ചുണര്‍ത്തുന്ന ബൈബിള്‍ പ്രതിഷ്ഠ നടക്കും. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിയ്ച്ച് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പതിനൊന്ന് സ്റ്റേജുകളിയായി മത്സരങ്ങള്‍ നടക്കും. ഒരു കെട്ടിടത്തിനുള്ളില്‍ പതിനൊന്ന് സ്റ്റേജുകളും ക്രമീകരിച്ചിരിക്കുന്നു എന്നത് കഴിഞ്ഞ കാല കലോത്സവത്തിന്റെ കുറവുകള്‍ പരിഹരിച്ചതിന്റെ സൂചനയാണെന്ന് ബൈബിള്‍ കലോത്സവത്തിന്റെ പ്രധാന കോര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷവും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ബൈബിള്‍ കലോത്സവം വിജയത്തിലെത്തിച്ച ഫാ. പോള്‍ വെട്ടിക്കാടിന്റെ പരിചയസമ്പത്ത് മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിജി വാധ്യാനത്ത്

അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഴുവന്‍ സമയ സാമിപ്യവും വികാരി ജനറാളന്മാരും അമ്പതോളം വൈദീകരും ഇരുപതോളം വരുന്ന സിസ്സ്‌റ്റേഴ്‌സിന്റേയും കൂടാതെ സണ്‍ഡേ സ്‌ക്കൂള്‍ അധ്യാപകര്‍, അല്‍മായ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാധിദ്ധ്യവും കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കും. വൈകുന്നേരം 5.30ന് മത്സരങ്ങള്‍ അവസാനിപ്പിക്കാനുള്ള തിരക്കിലാണ് സംഘാടകര്‍. 5.45ന് സമാപന സമ്മേളനം ആരംഭിക്കും. എട്ട് മണിയോട് കൂടി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് ലിവര്‍പൂളില്‍ തിരശ്ശീല വീഴും.

റോമില്‍സ് മാത്യൂ

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് ലിവര്‍പൂളില്‍ നടക്കുന്നത് എന്ന് ഞങ്ങളുടെ ലിവര്‍പൂള്‍ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറ്റിയമ്പതോളം വരുന്ന വോളണ്ടറിയന്മര്‍, ഫസ്റ്റ് എയിഡ് സംവിധാനങ്ങള്‍, രുചികരമായ ഭക്ഷണക്രമീകരണങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സുഗമമായ രീതിയില്‍ മത്സരങ്ങളില്‍ പങ്കെടുക്കുവാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് കോര്‍ഡിനേറ്ററന്മാരായ സിജി വാദ്യാനത്തിന്റെയും റോമില്‍സ് മാത്യൂവിന്റെയും നേതൃത്വത്തില്‍ ലിവര്‍പൂളില്‍ ഒരുക്കുന്നത് എന്ന് രൂപതയുടെ വികാരി ജനറാളും ആതിധേയത്വം വഹിക്കുന്ന ലിവര്‍പൂളിന്റെ ഇടവക വികാരിയുമായ റവ. ഫാ. ജിനോ അരീക്കാട്ട് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ഓരോ വര്‍ഷം കഴിയുന്തോറും ബൈബിൾ കലോത്സവത്തിന്റെ ആവേശം കൂടി കൂടി വരുന്നതായാണ് കാണുന്നത് . അതുകൊണ്ടുതന്നെ മുൻ വർഷങ്ങളേക്കാൾ കൂടുതൽ പ്രാതിനിധ്യവും മത്സരബുദ്ധിയുമാണ് ഈ വർഷത്തെ ബൈബിൾ കലോത്സവത്തിൽ പ്രതീക്ഷിക്കുന്നത് . 2018 ലെ ബൈബിള്‍ കലോത്സവത്തില്‍ കവന്‍ട്രി റീജിയണ്‍ കിരീടം ചൂടിയപ്പോള്‍ നേരിയ വ്യത്യാസത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ രണ്ടാമതും എത്തിയിരുന്നു.