ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട
പുഞ്ചിരിക്കുക, പുഞ്ചിരിക്കാന്‍ സഹായിക്കുക, പുഞ്ചിരിക്കുന്ന മുഖമുണ്ടാവുക, മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കാന്‍ കഴിയുകയെന്നാല്‍ നാം വലിയൊരു മഹത്തരമായ കാര്യമാണ് ചെയ്യുന്നത്. സുഹൃത്തുക്കളെ നമുക്ക് ഒരു കഥയിലേക്കു കടക്കാം. മുപ്പതു വര്‍ഷം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും വിരമിക്കുന്ന ഒരു പ്യൂണ്‍. അദേഹത്തിന്റെ യാത്രയയപ്പു സമ്മേളനത്തിന് എല്ലാവരും സന്നിഹിതരായിരുന്നു. മുന്‍നിരയില്‍ തന്നെ അവര്‍ ‘ഹിറ്റ്‌ലര്‍ ‘ എന്ന് കളിയാക്കി വിളിക്കുന്ന കമ്പനി മാനേജരുമുണ്ട്. (ഹിറ്റ്‌ലര്‍ എന്ന പദത്തില്‍ നിന്നും അയാളുടെ സ്വഭാവം നിങ്ങള്‍ ഊഹിച്ചുകൊള്ളുക) പ്യൂണ്‍ തന്റെ മറുപടി പ്രസംഗത്തില്‍ കമ്പനി മാനേജരോടായി ഇങ്ങനെ പറഞ്ഞു തുടങ്ങി:
സാര്‍, എനിക്കാദ്യം പറയാനുള്ളതു അങ്ങയോടാണ്. കൂടിയിരിക്കുന്ന എല്ലാവരും ആകാംക്ഷാഭരിതരായി. ഫയലുകളുമായി ഞാന്‍ അങ്ങയുടെ അടുത്തു വരുമ്പോള്‍ ദേഷ്യത്തില്‍ സാറത് വലിച്ചെറിയാറുണ്ട്. ചില ദിവസങ്ങളില്‍ അവശ്യപ്പെട്ട പേപ്പറുകള്‍ എത്തിക്കുമ്പോള്‍ അത് വാങ്ങി അങ്ങ് ചവറ്റുകുട്ടയില്‍ ഇടാറുമുണ്ട്. അപ്പോഴൊന്നും എനിക്കു സങ്കടം തോന്നിയിട്ടില്ല. എന്നാല്‍ എന്നും രാവിലെ അങ്ങു വരുമ്പോള്‍ ഞാന്‍ അങ്ങയെ നോക്കി ചിരിക്കാറുണ്ട്. പക്ഷെ,ഇന്നുവരെ അങ്ങ് എന്നെ നോക്കി ചിരിച്ചിട്ടില്ല. അന്നേരമെല്ലാം എനിക്കു സങ്കടം വന്നിട്ടുണ്ട് പ്യൂണിന്റെ കണ്ണു നിറഞ്ഞൊഴുകി ഒപ്പം സദസ്സിലിരുന്നവരുടെയും. ഹിറ്റ്‌ലറുടേയും മുപ്പതു വര്‍ഷക്കാലം കൂടെ ജോലി ചെയ്തവന്റെ വാക്കുകള്‍ കേട്ടപ്പോള്‍.
‘ഒരു പൊരി മതി എല്ലാം ഒടുക്കാന്‍
ഒരു ചിരി മതി എല്ലാം ഒതുക്കാന്‍’
കടന്നു പോകുന്ന വഴികളില്‍ കാണുന്നവരെ നോക്കിയൊന്നു പുഞ്ചിരിക്കുക. ഓര്‍ക്കുക! നഷ്ടപ്പെടാനൊന്നുമില്ല; എന്നാല്‍ ചിരി ആയുസ്സിനെ വര്‍ധിപ്പിക്കുകയും ആരോഗ്യത്തെ പ്രദാനം ചെയ്യുകയും ചെയ്യുന്നു. മുഖത്തെ മാംസപേശികള്‍ക്കുള്ള നല്ലൊരു വ്യായാമമുറകൂടിയാണത്. അതിലുപരി സര്‍വശക്തന്‍ മറ്റുള്ളവര്‍ക്ക് നല്കാന്‍ നമുക്ക് നല്‍കിയിട്ടുള്ള ‘പ്രസാദ’മാണ് ചിരിയെന്നോര്‍ക്കുക. അതുള്ളില്‍ കൊണ്ടുനടക്കുന്നതില്‍ അര്‍ത്ഥമില്ല. പകരുക ഒരു നിറഞ്ഞ പുഞ്ചിരി ബന്ധുവെന്നോ ശത്രുവെന്നോ വേര്‍തിരിവില്ലാതെ
കല്‍ക്കട്ടയിലെ തെരുവില്‍ കണ്ട മദര്‍ തെരേസ്സയോടു ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു : ‘അമ്മ എന്താണിവിടെ ചെയ്യുന്നത്? വിശുദ്ധ പദവിയിലേക്കുയര്‍ത്തിയ അമ്മയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ‘സാര്‍, ഇവര്‍ മരിക്കുന്നതിനു മുന്‍പു ഞാനിവരെ ചിരിക്കുവാന്‍ സഹായിക്കുകയാണ്.. ‘
പ്രിയമുള്ളവരേ കൂടെയുള്ളവരുടെ കളഞ്ഞുപോയ ചിരി വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെന്തിനാ നാമൊക്കെ ഇങ്ങനേ.? പുഞ്ചിരിക്കുക ഇപ്പോഴും സന്തോഷത്തോടെയിരിക്കുക സന്തോഷവാഹകരാവുക. എന്നും ഏവര്‍ക്കും പുഞ്ചിരിക്കുന്ന ദിനങ്ങളാകട്ടെയെന്ന് ആശംസിക്കുന്നു
(ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട. Mob: 9496226485. E-mail: jollyjohns80@gmail. com)
Leave a Reply