ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : പുകയില ഉത്പന്നങ്ങളുടെ ഉത്പാദനത്തിലും വ്യാപാരത്തിലും വൻ നിയന്ത്രണവുമായി ബ്രിട്ടീഷ് സർക്കാർ. യൂറോപ്യൻ യൂണിയൻ നിർദ്ദേശപ്രകാരം പുതിയ നിയമങ്ങൾ നിലവിൽ വരുന്നതിനാൽ 2020 മെയ് 20 മുതൽ യുകെയിലെ കടകളിൽ മെന്തോൾ സിഗരറ്റ്, സ്‌കിന്നി സിഗരറ്റ്, റോളിങ്ങ് ടോബാക്കോ എന്നിവയുടെ വില്പന നിരോധിക്കും. അതുകൊണ്ട് തന്നെ മെയ് അവസാനം മുതൽ ഇവ യുകെയിലെ കടകളിൽ നിന്നും അപ്രത്യക്ഷമാകും. സുഗന്ധമുള്ള സിഗരറ്റുകൾ പൂർണ്ണമായും ഒഴിവാക്കാനുള്ള പദ്ധതിയെ തുടർന്ന് ഇതിനകം മെന്തോൾ സിഗരറ്റിന്റെ വിൽപ്പന 20 പാക്കുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മാർൽബോറോ ഉൾപ്പെടെയുള്ള ബ്രാൻഡുകൾ യൂറോപ്യൻ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും റദ്ദാക്കപ്പെട്ടു.
ഫിൽട്ടറുകൾ, പേപ്പർ, പാക്കേജിംഗ്, ക്യാപ്‌സൂളുകൾ അല്ലെങ്കിൽ സിഗരറ്റിലെ സുഗന്ധം, ഹാൻഡ് റോളിംഗ് പുകയില എന്നിവ അടങ്ങിയിരിക്കുന്നവയുടെ ഉൽപാദനവും വിൽപ്പനയും ഈ നിരോധനത്തിലൂടെ സാധ്യമാകുമെന്ന് ചാരിറ്റി ASH (ആക്ഷൻ ഓൺ സ്മോക്കിംഗ് ആന്റ് ഹെൽത്ത്) അറിയിച്ചു. സിഗരറ്റിന്റെ വില വർദ്ധിപ്പിക്കുന്നതും ചെറിയ പാക്കറ്റുകളുടെ വിൽപന നിർത്തുന്നതും വളരെ നല്ല കാര്യമാണെന്ന് എഎസ്‌എച്ചിലെ അമൻഡ സാൻഡ്‌ഫോർഡ് അഭിപ്രായപ്പെട്ടു. മെന്തോൾ സിഗരറ്റ് നിരോധിക്കുന്നത് കൂടുതൽ ചെറുപ്പക്കാരെ പുകവലിയിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും അവർ പറഞ്ഞു. ചെറുപ്പക്കാർ പുകവലിക്ക് അടിമകളവുന്നത് അപലപനീയമാണെന്നും മെന്തോൾ സിഗരറ്റ് നല്ലതാണെന്നത് തെറ്റായ ധാരണ ആണെന്നും സാധാരണ സിഗരറ്റിനെപ്പോലെ തന്നെ അതും അപകടകാരിയാണെന്നും അവർ കൂട്ടിച്ചേർത്തു.
Leave a Reply