ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകൾക്കും ആശുപത്രികൾക്കും സമീപം പുകവലി നിരോധിക്കാനുള്ള തീരുമാനം സർക്കാർ കൈ കൊണ്ടതായുള്ള വിവരങ്ങൾ പുറത്തുവന്നു. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് പുകയിലയുടെ ഉപയോഗം. അതുകൊണ്ട് തന്നെ പുകയിലയുടെ ഉപയോഗം ഘട്ടം ഘട്ടമായി നിരോധിക്കണമെന്ന മുറവിളി ശക്തമാണ്. എന്നാൽ പബ്ബുകൾക്കും റെസ്റ്റോറൻ്റുകൾക്കും പുറത്ത് പുകവലി നിയമവിരുദ്ധമാക്കാനുള്ള പദ്ധതി സർക്കാർ ഉപേക്ഷിച്ചു. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ വൻകിട പുകയില കമ്പനികളുടെ സ്വാധീനമുണ്ടെന്ന വിമർശനം ശക്തമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


യുകെയിലെ ക്യാൻസർ മരണങ്ങളിൽ 20 ശതമാനത്തിനും കാരണം പുകയിലയുടെ ഉപയോഗമാണ്. 2023 -ൽ മാത്രം പുകവലി സംബന്ധമായ അസുഖങ്ങൾ കാരണം ഏകദേശം 408, 700 പേരാണ് എൻഎച്ച്എസ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 5 ശതമാനം കൂടുതലാണ്. പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി പ്രതിവർഷം ഏകദേശം 2.5 ബില്യൺ പൗണ്ട് ആണ് എൻഎച്ച്എസ് വിനിയോഗിക്കുന്നത്. യുകെയിലെ മൊത്തം മരണങ്ങളിൽ ഏകദേശം 11% പുകവലി മൂലമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.


എന്നാൽ പുകവലിയുമായി ബന്ധപ്പെട്ട കൂടുതൽ നിരോധനങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതായുള്ള വിമർശനവും ശക്തമാണ്. കടുത്ത രീതിയിലുള്ള പുകവലി നിരോധനം ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയെ ബാധിക്കുമെന്നതാണ് സർക്കാരിനെ കടുത്ത നടപടികളിൽ നിന്ന് പിന്നോക്കം വലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളും ആരോഗ്യപരമായി ദുർബലരായ ആളുകളും എത്തുന്ന കൂടുതൽ സ്ഥലങ്ങളിൽ പുകവലി സംബന്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. വാണിജ്യ താത്പര്യങ്ങളാൽ പുകവലി നിരോധനത്തിൽ വെള്ളം ചേർത്തതിൽ ആക്ഷൻ ഓൺ സ്‌മോക്കിംഗ് ആൻഡ് ഹെൽത്തിൻ്റെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവായ കരോലിൻ സെർണി നിരാശ പ്രകടിപ്പിച്ചു.