മലയാളം യുകെ സ്പഷ്യല്‍, ജോജി തോമസ്

കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ അഴിച്ചുപണിയില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് നഷ്ട്‌പ്പെട്ട സ്മൃതി ഇറാനിയുടെ രാഷ്ട്രീയ ജീവിതം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. നാല് വര്‍ഷം മുന്‍പ് മോഡി ഗവണ്‍മെന്റ് അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ താരത്തിളക്കമുള്ള മന്ത്രിമാരില്‍ ഒരാളായിരുന്നു സ്മൃതി ഇറാനി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി ഉയര്‍ത്തിയ വെല്ലുവിളി അത്ര വലുതായിരുന്നു. വോട്ടെണ്ണലിന്റെ ചില ഘട്ടങ്ങളില്‍ രാഹുല്‍ ഗാന്ധിയെ പിന്നിലാക്കിയ സ്ണൃതി ഇറാനി അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ വീഴ്ച്ചയില്‍ അവസാനത്തെ ആണിയും അടിക്കുമെന്ന് പോലും ധാരണയുണ്ടാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പ്രിയങ്ക ഗാന്ധി നടത്തിയ ചില ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ ഫലം മറ്റൊന്നാകുമെന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ഏറെയാണ്.

എന്തായാലും 2009ല്‍ മൂന്നരലക്ഷത്തിന് മുകളിലുണ്ടായിരുന്ന രാഹുലിന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് അടുത്താക്കാന്‍ സ്മൃതി ഇറാനിക്ക് സാധിച്ചു. അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും രാഹുല്‍ ഗാന്ധിയെ വിറപ്പിച്ച പോരാട്ടത്തിന് കിട്ടിയ പ്രതിഫലമാണ് കേന്ദ്ര മന്ത്രി സ്ഥാനം. പലപ്പോഴും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന് കിട്ടുന്ന വകുപ്പായ മാനവ വിഭവശേഷി വകുപ്പാണ് സ്മൃതി ഇറാനിക്ക് ലഭിച്ചത്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നരസിംഹ റാവുവും, നരസിംഹ റാവു മന്ത്രിസഭയില്‍ അര്‍ജുന്‍ സിംഗും വഹിച്ചിരുന്ന മാനവ വിഭവശേഷി മന്ത്രാലയം മന്ത്രിസഭയിലെ രണ്ടാമനും തലമുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്കുമായിരുന്നു ലഭിച്ചിരുന്നത്. കേന്ദ്ര മന്ത്രിസഭയിലേക്ക് വരുമ്പോള്‍ സ്മൃതി ഇറാനി പോലും ഇത്രയും നല്ലൊരു വകുപ്പ് നയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള അടുപ്പവും മാധ്യമങ്ങളിലെ താരത്തിളക്കവും സ്്മൃതി ഇറാനിയെ കൂടുതല്‍ കൂടുതല്‍ രാഷ്ടീയ ഉയരങ്ങളിലെത്തിക്കുമെന്ന് വിലയിരുത്തപ്പെട്ടു. വാക്ചാതുര്യവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മിടുക്കുമെല്ലാം സ്മൃതി ഇറാനിയെ കൂടുതല്‍ പ്രതീക്ഷയോടെ നോക്കി കാണാന്‍ ബിജെപിയെ പ്രേരിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ വിവാദങ്ങളും തിരിച്ചടികളും ഉണ്ടാവാന്‍ അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. രാഷ്ട്രീയവും ഭരണപരവുമായ മുന്‍പരിചയം കുറവായ സ്മൃതി ഇറാനിയെപ്പോലുള്ള ഒരു ഇളം തലമുറക്കാരിയെ മാനവ വിഭവശേഷി വികസനം പോലുള്ള ഒരു മന്ത്രാലയം ഏല്‍പ്പിച്ചത് മുതല്‍ പിഴവുകള്‍ ആരംഭിക്കുകയായി. മന്ത്രാലയത്തെ ശരിയായി നയിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല വിവാദങ്ങള്‍ ഒഴിയാതെ വന്നുകൊണ്ടിരുന്നു. സര്‍വകലാളാകളെയും വിദ്യഭ്യാസ സ്ഥാപനങ്ങളെയും ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുടെ വിദ്യഭ്യാസ യോഗ്യത വ്യാജമാണെന്ന് ആരോപണം മോഡി സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം വരുത്തി. ഇത്തരത്തിലുള്ള വിവാദങ്ങളുടെയും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രകടനത്തിന്റെയും അനന്തരഫലമായിരുന്നു വാര്‍ത്താവിനിമയ വകുപ്പിലേക്കുള്ള മാറ്റം.

ഈ മാറ്റം ഒരു തരം താഴ്ത്തലായി കണക്കാക്കാന്‍ ആവില്ലായിരുന്നു. കാരണം ഭരണ കക്ഷിയിലെ പ്രമുഖ നേതാക്കള്‍ കൈയ്യാളുന്ന വകുപ്പായിരുന്നു വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ്. വാച്ച്‌പേയി മന്ത്രിസഭയില്‍ പ്രമോദ് മഹാജനെപ്പോലെ താരത്തിളക്കം ഉള്ളവര്‍ കൊണ്ടു നടന്ന മന്ത്രാലയമാണിത്. സ്മൃതി ഇറാനിക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണം കൂടാതെ ടെക്‌സ്റ്റൈല്‍സിന്റെ ചുമതല കൂടി നല്‍കിയിരുന്നു. ഇതില്‍ പ്രധാന വകുപ്പായ വാര്‍ത്താ വിതരണ പ്രക്ഷേപണമാണ് കഴിഞ്ഞ ദിവസത്തെ അവാര്‍ഡ് ദാന വിവാദത്തെ തുടര്‍ന്ന് സ്മൃതി ഇറാനിക്ക് നഷ്ടപ്പെട്ടത്. ഒരു അവാര്‍ഡ് ദാനം പോലും വിവാദങ്ങളും ആക്ഷേപങ്ങളും ഇല്ലാതെ സംഘടിപ്പിക്കാന്‍ സാധിക്കാത്ത സ്മൃതി ഇറാനിക്ക് മന്ത്രാലയം നഷ്ടപ്പെട്ടതില്‍ അദ്ഭുതപ്പെടാനില്ല. കടുത്ത വിവാദങ്ങള്‍ക്കും ജനരോഷത്തിനും കാരണമായ അവാര്‍ഡ് ദാന ചടങ്ങില്‍ രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവര്‍ അസംതൃപ്തി രേഖപ്പെടുത്തിയതോടു കൂടി മോഡിയുടെ മുന്നില്‍ മറ്റു വഴികളൊന്നും ഇല്ലായിരുന്നു.

സ്മൃതി ഇറാനിയേക്കാള്‍ ഈ വിവാദങ്ങളില്‍ ഉത്തരനവാദിത്വമുള്ളത് ബിജെപി നേതൃത്വത്തിനും മോഡിക്കും തന്നെയാണ്. കാരണം തുംമ്പിയെ ഉപയോഗിച്ച് കല്ലെടുപ്പിക്കുന്നത് പോലെ യാതൊരു ഭരണ പരിചയവുമില്ലാത്ത സ്മൃതി ഇറാനിയെ ഇത്രയേറെ ഉത്തരവാദിത്വങ്ങള്‍ ഉള്ള പ്രധാന വകുപ്പുകള്‍ ഏല്‍പ്പിച്ചെടുത്താണ് പിഴച്ചത്. എന്തായാലും കേന്ദ്ര മന്ത്രിസഭയിലും ബിജെപിയുടെ നേതൃത്വനിരയിലും ഇരിക്കമ്പോഴുള്ള താരത്തിളക്കമല്ലാതെ വ്യക്തമായ ജനപിന്തുണയോ പാര്‍ട്ടി ഘടകങ്ങളുമായി ബന്ധങ്ങളോ ഇല്ലാത്ത സ്മൃതി ഇറാനിക്ക് ഇത് ഇറക്കത്തിന്റെ നാളുകളാണ്. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നാല്‍ രാഷ്ട്രീയ വനവാസം തന്നെയാണ് വിധിച്ചിരിക്കുന്നത്. പക്ഷേ നാലു വര്‍ഷം മുമ്പ് സ്മൃതി ഇറാനിയെക്കുറിച്ചുള്ള രാഷ്ട്രീയ പ്രവചനങ്ങള്‍ വളരെ വലുതായിരുന്നുവെന്നത് ഈ അവസരത്തില്‍ വിരോധാഭാസമായി തോന്നും.