ഫാ. ബിജു കുന്നയ്ക്കാട്ട്
ബംഗളൂരുവിലെ ഒരു ആശുപത്രിയില്‍ ഒരു അപൂര്‍വ്വ ശസ്ത്രക്രിയ കഴിഞ്ഞ ആഴ്ചയില്‍ നടന്നു. ഡോക്ടര്‍മാര്‍ ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ കിടന്ന രോഗി ഗിത്താര്‍ വായിച്ചു! തമാശയ്ക്ക് വേണ്ടിയോ അപൂര്‍വ്വ കാര്യങ്ങള്‍ ചെയ്ത് ഗിന്നസ് ബുക്കില്‍ കയറുന്നതിനുവേണ്ടിയോ ആയിരുന്നില്ല അത്, മറിച്ച് ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു. ഗിത്താറിസ്റ്റായ തുഷാറിന് (യഥാര്‍ത്ഥ പേരല്ല) എല്ലിന്റെ ചലനങ്ങള്‍ക്കുണ്ടാകുന്ന രോഗമായ ‘ഡിസ്റ്റോണിയ’ പിടിപെട്ടതിനെ തുടര്‍ന്ന് ഇടതുകയ്യിലെ മൂന്ന് വിരലുകള്‍ ചലിക്കാത്ത സ്ഥിതിയിലായിരുന്നു. ഈ രോഗം ഭേദമാക്കാനാണ് തലച്ചോര്‍ തുരന്ന് ഓപ്പറേഷന്‍ നടത്തിയത്. കൈവിരലുകള്‍ ചലിപ്പിക്കുമ്പോള്‍ തലച്ചോറിലെ ഏതു ഭാഗത്താണ് പ്രശ്നമെന്നു മനസിലാക്കുന്നതിനുവേണ്ടിയാണ് ശസ്ത്രക്രിയാ ടേബിളില്‍ തുഷാറിനെക്കൊണ്ട് ഡോക്ടര്‍മാര്‍ ഗിത്താര്‍ വായിപ്പിച്ചത്. ഗിത്താര്‍ വായിക്കുമ്പോഴാണ് ഈ പ്രശ്നം അനുഭവപ്പെട്ടിരുന്നത് എന്നതിനാല്‍ ഓപ്പറേഷന്റെ പുരോഗതി അപ്പപ്പോള്‍ അറിയുന്നതിനുവേണ്ടിയാണ് രോഗിയെക്കൊണ്ട് ഓപ്പറേഷനിടയില്‍ത്തന്നെ ഗിത്താര്‍ വായിപ്പിച്ചതെന്ന് യൂണിവേഴ്സിറ്റ് ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ സീനിയര്‍ ന്യൂറോളജിസ്റ്റ് സി. സി. സജ്ജീവ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തരമൊരു ഓപ്പറേഷന് മാത്രമല്ല, മറ്റേതൊരു അസുഖവുമായി ആശുപത്രിയില്‍ ചെന്നാലും ഡോക്ടര്‍മാര്‍ രോഗിയെ വിശദമായി പരിശോധിച്ച് രോഗകാരണം കണ്ടെത്താന്‍ പരിശ്രമിക്കും. കാരണം പ്രധാനമായും രോഗിക്ക് എന്നതിനേക്കാള്‍ രോഗത്തിനാണ് ചികിത്സ വേണ്ടത്. പുറമേ കാണുന്ന ഏതാനും ലക്ഷണങ്ങള്‍ വച്ചോ രോഗിയുടെ ജീവിത സാഹചര്യം മനസിലാക്കിയതു കൊണ്ടു മാത്രമോ രോഗമെന്താണെന്നു ശരിയായി, കൃത്യമായി മനസിലാക്കണമെന്നില്ല. ആധുനിക വിദഗ്ധ പരിശോധനകള്‍ യഥാര്‍ത്ഥ രോഗകാരണം കാട്ടിത്തരുമ്പോള്‍, സംശയങ്ങള്‍ക്കിടയില്ലാതെ യഥാര്‍ത്ഥ രോഗകാരണവും രോഗവും രോഗവും കണ്ടെത്തി അതിനു ചികിത്സ ചെയ്യാനും രോഗിയെ സുഖപ്പെടുത്താനും കഴിയും.
ഓപ്പറേഷനും ചികിത്സയ്ക്കും മാത്രമല്ല, ഏതുകാര്യത്തിലും ഇത്തരമൊരു സമീപനമാണ് ശരി. നമ്മുടെ ബന്ധങ്ങളും സൗഹൃദങ്ങളും പലപ്പോഴും നഷ്ടപ്പെടുന്നതിനും മുറിഞ്ഞുപോകുന്നതിനും കാരണം അപൂര്‍ണമായ ചില അറിവുകളില്‍ നിന്നും തോന്നലുകളില്‍ നിന്നും മറ്റുള്ളവരെ മനസിലാക്കാനോ വിധിക്കാനോ ഇടയാകുന്നതുകൊണ്ടാണ്. ചിലപ്പോള്‍, പറഞ്ഞുകേള്‍ക്കുന്നതോ സാഹചര്യങ്ങള്‍ വച്ച് ഊഹിച്ചെടുക്കുന്നതോ മാത്രമാണ് ശരിയെന്നു ധരിച്ചുവശായാല്‍ പിന്നീട് മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും അതിനനുസരിച്ചായിരിക്കും. ഓരോ മനുഷ്യനും സംസാരിക്കുന്നതിനും പെരുമാറുന്നതിനും ജീവിത ശൈലി രൂപപ്പെടുത്തുന്നതിനും പിന്നില്‍ അവരുടെ പ്രത്യേക ജീവിത സാഹചര്യങ്ങളും സ്വാധീനമുണ്ടായിരിക്കും. ഓരോരുത്തരുടേയും പെരുമാറ്റത്തെയും സംസാസ ശൈലിയെയും പൂര്‍ണമായി വിലയിരുത്തി അവരെ പൂര്‍ണമായി മനസിലാക്കണമെങ്കില്‍ ഈ പശ്ചാത്തല സാഹചര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.
ഇപ്രകാരം മറ്റുള്ളവരെ മനസിലാക്കാന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. അതുകൊണ്ടുതന്നെ നമുക്ക് മറ്റുള്ളവരെ മനസിലാക്കുന്നിടത്ത് തെറ്റിപ്പോകുന്നു. കണ്‍മുമ്പില്‍ കാണുന്നതനുസരിച്ച് ഒരാളെ നാം വിലയിരുത്തുന്നതാണ് ഏറ്റവും വലിയ അപകടം. അന്ധരായി പിറന്നവര്‍ക്ക് ലോകത്തിന്റെ സൗന്ദര്യങ്ങളും സൗഭാഗ്യങ്ങളുമൊന്നും കാണാന്‍ പറ്റില്ലെങ്കിലും അവര്‍ ഒരു കാര്യത്തില്‍ അനുഗ്രഹീതരാണ്, കണ്‍മുമ്പിലെ കാഴ്ചയ്ക്കനുസരിച്ച് അവര്‍ക്ക് ആരെയും വിധിക്കേണ്ടി വരുന്നില്ല. മറിച്ച് അവര്‍ ആളുകളെ മനസിലാക്കുന്നത് മറ്റുള്ളവര്‍ അവരോട് പെരുമാറുന്നതിനനുസരിച്ചാണ്. കടല്‍ത്തീരത്ത് അലഞ്ഞുതിരിഞ്ഞു നടന്ന, ഭ്രാന്തിയെപ്പോലെ തോന്നിപ്പിച്ചിരുന്ന വൃദ്ധയായ ഒരു സ്ത്രീയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. അവരുടെ രൂപവും തനിയെ സംസാരിക്കുന്ന പ്രകൃതവുമൊക്കെ കണ്ടിരുന്ന ആളുകള്‍, കുട്ടികള്‍ അവരുടെ അടുത്തേയ്ക്ക് പോകുന്നത് വിലക്കിയിരുന്നു. ‘പലപ്പോഴും കടല്‍ത്തീരത്തു കൂടി അലഞ്ഞുനടന്ന് തീരത്തുനിന്ന് എന്തൊക്കെയോ പെറുക്കിയെടുത്ത് അവരുടെ തോളിലെ സഞ്ചിയില്‍ ഇടുന്നതു കാണാമായിരുന്നു. ആരെങ്കിലും ഭയം തോന്നി ദാനമായി കൊടുത്തിരുന്ന ഭക്ഷണം കഴിച്ചാണവര്‍ ജീവിച്ചിരുന്നത്. ഒരു ദിവസം ആ കടല്‍ത്തീരത്തുതന്നെ അവര്‍ മരിച്ചുകിടക്കുന്നതാണ് ആളുകള്‍ കണ്ടത്. അടുത്ത് ചെന്ന് കടല്‍ത്തീരത്ത് നിന്ന് അവരെ എടുത്തുമാറ്റുമ്പോള്‍ അവരുടെ തോളിലെ സഞ്ചി ആളുകളുടെ ശ്രദ്ധയില്‍ പെട്ടു. അതുപരിശോധിച്ചപ്പോള്‍ അതില്‍ മുഴുവന്‍ കുപ്പിച്ചിലുകളായിരുന്നു. കടല്‍ത്തീരത്ത് ഓടി നടക്കുന്ന കുഞ്ഞുങ്ങളുടെ കാലില്‍ കയറാതിരിക്കാന്‍ കുപ്പിച്ചില്ലുകള്‍ പെറുക്കി മാറ്റുന്നത് ജീവിതവ്രതമായി കരുതിയിരുന്നവള്‍. പക്ഷേ, അവരുടെ പെരുമാറ്റവും കണ്ട ആളുകള്‍ അവളെ മനസിലാക്കിയത് ഒരു ഭ്രാന്തിയായും.
”വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങള്‍ ആരെയും വിധിക്കരുത് (മത്തായി 7:1) എന്ന് ഈശോ പഠിപ്പിക്കുന്നു. നമ്മുടെ വിധി അപൂര്‍ണമാവാന്‍ കാരണം നമ്മള്‍ വിധിക്കുന്ന ആളിന്റെ മനസും പശ്ചാത്തലവും നമുക്കറിയില്ല എന്നതുകൊണ്ടുതന്നെ. ഒരാളുടെ അകവും പുറവും കാണുന്നവന്‍ ദൈവം മാത്രം. അതുകൊണ്ട് കാര്യവും കാരണങ്ങളും അകവും പുറവും നന്നായറിഞ്ഞ് വിധിക്കാന്‍ സാധിക്കുന്നത് ദൈവത്തിനുമാത്രം. വേണ്ടത്ര ആലോചനയില്ലാതെ കാര്യങ്ങള്‍ക്ക് ഉടനടി പ്രതികരിക്കുന്നവര്‍ സ്വയം കുഴിതോണ്ടുന്നവരാകും. ഇക്കാലത്ത് ജീവിച്ചിരിക്കെത്തന്നെ സ്വന്തം മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്നവര്‍ നിരവധി. ആരെങ്കിലും പോസ്റ്റു ചെയ്യുന്ന ഒരു വാട്സാപ്പ് മെസേജ് കൃത്യമായ അറിവും ഉറപ്പുമില്ലാതെ മറ്റുള്ളവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്ന എടുത്തുചാട്ടം കാണിക്കുന്നവര്‍ പിന്നീട് പഴികേള്‍ക്കേണ്ടി വരുന്നു. കൊച്ചുകുട്ടികള്‍ തമ്മില്‍ ചെറിയ വഴക്കു കൂടുമ്പോള്‍ കാരണമറിയാതെ അതേറ്റു പിടിച്ച് വലിയ വഴക്കുകളിലേയ്ക്ക് പോകുന്ന അയല്‍ക്കാര്‍ ഏതാനു മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും സ്നേഹത്തോടെ കളിക്കുകയും കൂട്ടുകൂടുകയും ചെയ്യുന്ന അതേ കുട്ടികളെത്തന്നെ കണ്ട് ഇളിഭ്യരാകും.
എങ്ങനെ ഈ പ്രശ്നങ്ങളെ ഒഴിവാക്കാം? മുന്‍വിധികള്‍ ഇല്ലാത്ത മനസുമായി മറ്റുള്ളവരെ കാണുക എന്നതുതന്നെയാണ് ഒന്നാമത്തെ കാര്യം. ‘മഞ്ഞപ്പിത്തമുള്ളവന്‍ എല്ലാം മഞ്ഞയായേ കാണൂ’ എന്ന പഴമൊഴി നമ്മുടെ ഓര്‍മ്മയിലിരിക്കട്ടെ. തെറ്റായ അറിവുകളില്‍ നിന്നും സ്വന്തം ഭാവനകളില്‍ നിന്നും ഊഹങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന കാഴ്ചപ്പാടുകള്‍ ഒരാളുടെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കുന്നതില്‍ നിന്നു നമ്മെ തടയും. തുറന്ന മനസോടെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുകയും അവരുടെ സാഹചര്യത്തിന്റെ നിജസ്ഥിതി മനസിലാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ കാര്യം. ‘അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്’ എന്ന ബൈബിള്‍ വചനത്തിന്റെ അതുതന്നെ. സംസാരത്തിലും പെരുമാറ്റത്തിലുമുള്ള എടുത്തുചാട്ടത്തിന്റെ മനോഭാവം മാറ്റുക എന്നതാണ് മൂന്നാമത്തെ കാര്യം. കേള്‍ക്കുന്നതിനു മുമ്പ് മറുപടി പറയാനും ചോദിച്ചറിയുന്നതിനു മുമ്പ് പ്രതികരിക്കാനും തുടങ്ങുന്നത് ശരിയായ രീതിയല്ല. ‘We listen to respond, not to understand’ എന്നുപറയാറുണ്ട്.
ഇക്കാര്യത്തില്‍ മനുഷ്യരായ നമുക്ക് വ്യക്തമായ മാതൃക തരാാനായി, ഒരു പ്രശ്നത്തില്‍ ഇടപെടുന്നതിന് മുമ്പ് അതിനെക്കുറിച്ച് എത്ര വ്യക്തമായി മനസിലാക്കണമെന്നു നമ്മെ പഠിപ്പിക്കാനായി അപസ്മാര രോഗിയായ പിശാചു ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നതിനു മുമ്പ് ഈശോ അവന്റെ പിതാവിനോട് അവന്റെ അസുഖവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കുന്നു (മര്‍ക്കോസ് 9: 21-25) ഒരു ഡോക്ടര്‍ വിശദമായ രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതുപോലെ! അതുകൊണ്ട് ഈശോ ഓര്‍മ്മിപ്പിച്ചു: ”പുറമേ കാണുന്നതിനനുസരിച്ച് വിധിക്കാതെ, നീതിയായ വിധിക്കുവിന്‍” (യോഹന്നാന്‍ 7:24). ഭാരതീയ സന്ന്യാസിയുടെ രീതിയില്‍ വസ്ത്രം ധരിച്ച സ്വാമി വിവേകാനന്ദനോട് ഒരിക്കല്‍ ഒരു വിദേശി ചോദിച്ചു; ‘പാന്റ്‌സും ഷര്‍ട്ടും ടൈയുമൊക്കെ ധരിച്ച് എന്തുകൊണ്ട് നിങ്ങള്‍ക്ക് ഒരു മാന്യനെപ്പോലെ നടന്നുകൂടാ?’ സ്വാമി വിവേകാനന്ദന്‍ മറുപടി പറഞ്ഞു; ”നിങ്ങളുടെ സംസ്‌കാരത്തില്‍ തയ്യല്‍ക്കാരനാണ് നിങ്ങളെ മാന്യനാക്കുന്നതെങ്കില്‍ ഞങ്ങളുടെ സംസ്‌കാരത്തില്‍ ഒരാളുടെ സ്വഭാവമാണ് അയാളെ മാന്യനാക്കുന്നത്. ”
പുറമേ കാണുന്നതിനനുസരിച്ച് മുന്‍വിധികളോടെ ആരെയും വിധിക്കാതിരിക്കാനും ഓരോ കാര്യത്തിന്റെയും പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങളെ സമചിത്തതയോടെ മനസിലാക്കാനും പ്രശ്നങ്ങളെ ശാന്തമായും സൗമ്യമായും പരിഹരിക്കാനും നമുക്കാവട്ടെ. നന്മനിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനാപൂര്‍വം ആശംസിക്കുന്നു. ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
Leave a Reply