ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയായ ഡൗണിങ് സ്ട്രീറ്റിന് സമീപം സംശയാസ്പദമായ പാക്കേജ് കണ്ടെത്തിയതിനെ തുടർന്ന് വൈറ്റ് ഹോളിലും ഡൗണിങ് സ്ട്രീറ്റിലും ലോക്ക് ഡൗൺ ഏർപ്പെടുത്തുവാൻ പോലീസ് അധികൃതർ നിർബന്ധിതരായി. രാവിലെ 11.42 ഓടെയാണ് വൈറ്റ്ഹാളിൽ സംശയാസ്പദമായ പാക്കേജ് ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് വൈറ്റ് ഹാളിലുള്ള ഗവൺമെന്റ് ഓഫീസുകൾ ഭൂരിഭാഗവും ഒഴിപ്പിക്കേണ്ടതായി വരുകയും, സംഭവം എന്തെന്ന് അറിയുവാൻ നിരവധി ആളുകൾ ഹൗസ് ഗാർഡ്സ് പരേഡിന് മുൻപിൽ തടിച്ചു കൂടുകയും ചെയ്തു.
നിരവധി ഗവൺമെന്റ് ഉദ്യോഗസ്ഥർ ഡൗണിങ് സ്ട്രീറ്റിലും, മറ്റ് ഗവൺമെന്റ് ഓഫീസുകളിലുമായി ഒരു മണിക്കൂറോളം കുടുങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദഗ്ധർ സ്ഥലത്തെത്തി പാക്കേജ് സൂക്ഷ്മമായി പരിശോധിക്കുകയും, പ്രശ്നമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിനു ശേഷമാണ് സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തിയത്.
പാർലമെന്റ് ഹൗസിനും ട്രാഫൽഗർ സ്‌ക്വയറിനുമിടയിലുള്ള വൈറ്റ്ഹാൾ വിദേശകാര്യ ഓഫീസ്, ക്യാബിനറ്റ് ഓഫീസ്, പ്രതിരോധ മന്ത്രാലയം എന്നിവയുൾപ്പെടെ നിരവധി സർക്കാർ വകുപ്പുകളുടെ ആസ്ഥാനമാണ്. പോലീസ് അധികൃതരെ സഹായിക്കുന്നതിനായി ലണ്ടൻ ഫയർ ബ്രിഗേഡും സ്ഥലത്തെത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോലീസ് ബോംബ് ഡിസ്പോസൽ റോബോട്ട് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സാഹചര്യങ്ങൾ എല്ലാം തന്നെ സാധാരണ നിലയിൽ ആണെന്ന് പോലീസ് വ്യക്തമാക്കി.
Leave a Reply